കരുമാല്ലൂരില്‍ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: കരുമാലൂര്‍ സംഭവങ്ങളെ ഗൗരവമായാണ് കാണുന്നതെന്നും മതസൗഹാര്‍ദവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കാരുകുന്ന് സംഭവത്തില്‍ എട്ട് ബി.ജെ.പിക്കാരുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കളമശ്ശേരി നിയോജക മണ്ഡലത്തിലെ കരുമാല്ലൂര്‍ പഞ്ചായത്തില്‍ തുടരെയുണ്ടായ മൂന്ന് സംഭവങ്ങളാണ് വി.കെ ഇബ്രാഹിംകുഞ്ഞ് നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കാരുകുന്നില്‍ ഈസ്റ്ററിനോടനുബന്ധിച്ച് പശുവിനെ അറുത്ത സ്ഥലത്ത് നടന്ന അതിക്രമവും യു.സി കോളജിന് സമീപം കാര്‍മല്‍ഗിരി സെമിനാരിയുടെ മതില്‍ പൊളിച്ച സംഭവവും കിഴക്കെ വെളിയത്തുനാട് ചിറയത്ത് അമ്പലത്തിന് സമീപം കശാപ്പ് ചെയ്ത മൃഗങ്ങളുടെ അവശിഷ്ടം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ട സംഭവവുമാണ് ഇബ്രാഹിംകുഞ്ഞ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിത്. ഇത്തരം പ്രവണതകള്‍ മുളയിലെ നുള്ളുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കുറ്റവാളികളെ പിടിക്കുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തിനെ നിയോഗിക്കണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു. ഏതോ ഛിദ്രശക്തികള്‍ നിലവിലുള്ള സമുദായ സൗഹാര്‍ദം ഹനിക്കാന്‍ ശ്രമിക്കുന്നതായിട്ടാണ് മനസിലാക്കുന്നത്. പൊലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികളെ പിടിക്കുകയും പരമാവധി ശിക്ഷക്ക് വിധേയമാക്കുകയും ചെയ്യണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."