വൈറ്റില ഹബ്ബ്: പുതിയ ബസ് ടെര്‍മിനലിന് നിര്‍ദേശം
കൊച്ചി: 72 ബസ്സുകള്‍ക്കു പാര്‍ക്കിംഗ് സൗകര്യമുള്ള പുതിയ ബസ് ടെര്‍മിനല്‍ വൈറ്റില ഹബ്ബില്‍ നിര്‍മിക്കാന്‍ നിര്‍ദേശം. വൈറ്റില ഹബ്ബിന്റെ രണ്ടാം ഘട്ട വികസനത്തെക്കുറിച്ച് തിരുവനന്തപുരത്ത്നടത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് കെ.എം.ആര്.എല്‍ പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ. സഫീറുള്ള പങ്കെടുത്തു. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ബഹുനില മന്ദിരം, സിറ്റി ബസുകള്‍ക്ക് പ്രത്യേക ടെര്‍മിനല്‍, മെട്രോ സ്റ്റേഷന് മുതല്‍ ബോട്ട് ജെട്ടി വരെയുള്ള നടപ്പാത എന്നിവയുടെ നിര്‍മാണവും നിര്‍ദേശങ്ങളിലുള്‍പ്പെടുന്നു. ഹബ്ബിലേക്കുള്ള പ്രവേശനകവാടം, വാഹനങ്ങള്‍ ഹബ്ബില്‍ നിന്ന് പുറത്തു പോകുന്നിടത്തുള്ള കവാടം എന്നിവയുടെ വികസനം, കണിയാമ്പുഴ റോഡിന്റെ വികസനം, കണിയാമ്പുഴ പുഴയോരത്തെ ഗ്രീന്‍വേ സംരക്ഷണം, ഭാവിവികസനം മുന്നില്‍ കണ്ട് തുറസ്സായ സ്ഥലം സജജീകരിക്കല്, റണ്‍വേ വികസനം, അന്തര്‍സംസ്ഥാന ബസുകള്‍ക്ക് പ്രത്യേക ടെര്‍മിനല്‍ എന്നിവയെക്കുറിച്ചും യോഗം ചര്‍ച്ച നടത്തി. ഈ പദ്ധതികളുടെ വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ചേരുന്ന അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സമര്‍പ്പിക്കും.
ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഗവേണിംഗ് ബോഡി യോഗത്തിലും സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."