മഹാരാജാസ് കോളജിലെ പൊതുമുതല്‍ നശിപ്പിച്ച സംഭവം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിനകത്ത് വച്ച് വിദ്യാര്‍ഥി തൊഴിലാളി സംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടി കോളജിലെ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ നഷ്ടപരിഹാരം കോളേജ് അധികൃതര്‍ ഇതുവരെ തിട്ടപ്പെടുത്തിയില്ലെന്ന് വിവരാവകാശ രേഖ. അക്രമം നടന്ന് മൂന്നുമാസം പിന്നിട്ടിട്ടും പൈതൃക കലാലയത്തിനുണ്ടായ നാശനഷ്ടം കണക്കാക്കാത്തതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. വിവരാവകാശ രേഖയിലാണ് ഇതു സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ കോളജ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ ജനവരി 28ന് മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ പ്രകടനവുമായെത്തിയ ഐ.എന്‍.ടി.യു.സി, കെ.എസ്.യു പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ കോളജിന്റെ ജനലുകളും വാതിലുകളും പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ ഓഫീസും തകര്‍ന്നിരുന്നു.
ആയിരക്കണക്കിന് രൂപയുടെ പൊതുമുതലാണ് കോളജിലെ ഈ സംഘര്‍ഷത്തില്‍ നശിപ്പിക്കപ്പെട്ടത്. സംഭവം വിവാദമായതോടെ അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നഷ്ടപരിഹാരത്തുക നല്‍കാന്‍ തയ്യാറാണെന്ന് അന്നു തന്നെ ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഈ വിവരം ഡി.സി.സി പ്രസിഡന്റ് തന്നെ നേരിട്ട് കോളജ് പ്രിന്‍സിപ്പലിനെയും അറിയിച്ചിരുന്നു. എന്നാല്‍, കൃത്യമായി എത്ര രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് വിവരാകാശ രേഖ വ്യക്തമാക്കുന്നു.
അതേസമയം, കോളജിനുണ്ടായ നാശനഷ്ടം മറ്റൊരാളില്‍ നിന്നോ രാഷ്ട്രീയ സംഘടനകളില്‍ നിന്നോ കോളജ് അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്. അതേസമയം, ഡി.സി.സി പ്രസിഡന്റ് തന്നെ സംഭവത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ഥി, തൊഴിലാളി സംഘടനകള്‍ ആണെന്ന് തുറന്ന് സമ്മതിക്കുമ്പോഴും, അക്രമത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വിവരമൊന്നും ഇല്ലെന്നാണ് കോളജിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."