വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേട്: സര്‍വകക്ഷിയോഗം 12ന്
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷം വ്യാപകമായ പരാതി ഉന്നയിച്ചതിനു പിന്നാലെ ഇക്കാര്യം ചര്‍ച്ച ചെയ്യാനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഡല്‍ഹിയില്‍ ഈ മാസം 12നാണ് യോഗം. ഏഴ് ദേശീയ പാര്‍ട്ടികളും 49 സംസ്ഥാനപദവിയുള്ള പാര്‍ട്ടികളുമാണ് നിലവിലുള്ളത്. ഇവരെയെല്ലാം യോഗത്തിലേക്ക് ക്ഷണിക്കുമെന്ന് തെര.കമ്മിഷന്‍ അറിയിച്ചു.
വോട്ടിങ് യന്ത്രങ്ങള്‍ വിശ്വാസനീയമാണെന്നും അതില്‍ ക്രമക്കേട് വരുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും രാഷ്ട്രീയകക്ഷികളെ ബോധ്യപ്പെടുത്തുന്നതിനാണ് യോഗമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സെയ്ദി അറിയിച്ചു. ജനാധിപത്യ സംവിധാനം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ഇനിയുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ടര്‍ വെരിഫൈഡ് ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) സംവിധാനം ഉപയോഗിക്കും. വിവിപാറ്റ് യന്തങ്ങള്‍ വാങ്ങുന്നതിന് കമ്മിഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. 15 ലക്ഷം വിവിപാറ്റ് യന്ത്രങ്ങള്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുമുണ്ട്. അടുത്തവര്‍ഷം സപ്തംബറോടെ വിവിപാറ്റ് യന്തങ്ങള്‍ കമ്മിഷന് ലഭിക്കും. ത്രിതല പഞ്ചായത്ത് മുതല്‍ ലോക്‌സഭ വരെയുള്ള മുഴുവന്‍ തെരഞ്ഞെടുപ്പുകളും വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചാവും നടത്തുക. ഇത് തെരഞ്ഞെടുപ്പു രംഗത്തെ കൂടുതല്‍ സുതാര്യമാക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു.
വോട്ടിങ് യന്ത്രങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ 2009ലെ പൊതുതെരഞ്ഞെടുപ്പ് മുതല്‍ പലപ്പോഴായി ഉയര്‍ന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വിളിച്ച് ബോധവല്‍കരണം നടത്താന്‍ കമ്മിഷന്‍ തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."