കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു
തൃശൂര്‍: പൂരത്തിന് മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ട്രെയിന്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഇക്കുറിയും കൂടുതല്‍ ട്രെയിനുകള്‍ക്ക് റെയില്‍വേ സ്റ്റോപ്പ് അനുവദിച്ചു. ഏറണാകുളം കണ്ണൂര്‍ എക്‌സ്പ്രസ്, കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഇന്നും മംഗലാപുരം തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം പാലക്കാട് അമൃത എക്‌സ്പ്രസ്, എറണാകുളം കണ്ണൂര്‍ എക്‌സ്പ്രസ് എന്നി ട്രെയിനുകള്‍ക്ക് നാളെയും പൂങ്കുന്നത്ത് നിര്‍ത്തും.
കഴിഞ്ഞ വര്‍ഷം റെയില്‍വേയ്ക്ക് ലക്ഷങ്ങളുടെ വരുമാനമായിരുന്നു അധികമായി പൂരം നാളില്‍ റെയില്‍വേയ്ക്ക് ലഭിച്ചത്. പൂരത്തിന്റെ അധിക തിരക്ക് കൈകാര്യം ചെയ്യാന്‍ ഇക്കുറിയും പൂങ്കുന്നം, തൃശൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ട്രെയിനുകളുടെ പോക്കുവരവ് സംബന്ധിച്ച് വിവരങ്ങള്‍ ഉച്ചഭാഷിണിയിലൂടെ മുഴുവന്‍ സമയം നല്‍കുന്നതിന് പുറമെ സൂചനാ കേന്ദ്രത്തിലും പ്ലാറ്റ്‌ഫോമുകളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ 20 പേര്‍ രണ്ട് ഷിഫ്റ്റുകളിലായി പ്‌ളാറ്റ്‌ഫോമുകളില്‍ നിതാന്ത ജാഗരൂഗരായി നിലയുറപ്പിക്കും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെക്കൂടി ഇവര്‍ പിടികൂടും. കുടിവെള്ളലഭ്യത ഉറപ്പാക്കാന്‍ കൂടുതല്‍ വെള്ളം തൃശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ ഇന്നലെ ശേഖരിച്ചു. സ്റ്റേഷനും പരിസരവും വൃത്തിയാക്കാന്‍ മുഴുവന്‍ സമയവും ശുചീകരണ തൊഴിലാളികളെ ഏര്‍പ്പാടാക്കി. സാധാരണ ദിവസങ്ങളില്‍ 14 പേരുടെ സേവനമാണ് സ്റ്റേഷനിലുള്ളത്. ഇന്നും നാളെയും 30 പേരടങ്ങുന്ന സംഘം ശുചീകരണത്തിനായി ഇറങ്ങും. സുരക്ഷ മുന്‍നിറുത്തി കര്‍ശന നിരീക്ഷണ, പരിശോധന സംവിധാനങ്ങളും തൃശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തി.
രാത്രിപ്പൂരവും വെടിക്കെട്ടും കഴിഞ്ഞ് മടങ്ങുന്നവരുടെ സൗകര്യത്തിന് പന്ത്രണ്ട് ടിക്കറ്റ് വിതരണ കേന്ദ്രങ്ങള്‍ ഇന്നും നാളെയുമായി തൃശൂര്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കും. നിലവിലുള്ള ഏഴ് കൗണ്ടറുകള്‍ക്ക് പുറമെ ഒന്നാം നമ്പര്‍ പ്‌ളാറ്റ് ഫോമില്‍ രണ്ടും രണ്ടില്‍ ഒന്നും റിസര്‍വേഷന്‍ കൗണ്ടറില്‍ മൂന്നും കൗണ്ടറുകള്‍ അധികമായി പ്രവര്‍ത്തിക്കും. പൂങ്കുന്നത്ത് അധിക കൗണ്ടറില്ലെങ്കിലും ഉള്ളത് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യത്തിന് ടിക്കറ്റ് വിതരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ അഞ്ചു മിനിട്ടിലേറെ ടിക്കറ്റിനായി കാത്തു നില്‍ക്കേണ്ടി വരില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."