പഴയ മാലിന്യം നീക്കം ചെയ്യുന്നത് ബാലികേറാമലയാകുന്നു
സുല്‍ത്താന്‍ ബത്തേരി: നഗരസഭ പുതിയ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി പഴയ മാലിന്യം നീക്കം ചെയ്യുന്നത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്നു.
വര്‍ഷങ്ങള്‍ പഴക്കമുള്ള മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ തള്ളാനുള്ള നഗരസഭ അധികൃതരുടെ നീക്കത്തിനെതിരേ പലയിടത്തും ജനങ്ങള്‍ സംഘടിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള പാതി സംസ്‌കരിച്ച മാലിന്യങ്ങളാണ് നിലവിലെ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും മാറ്റി ജനവാസ കേന്ദ്രങ്ങളില്‍ കുഴിച്ചുമൂടാന്‍ നഗരസഭ അധികൃതര്‍ നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം തേലംമ്പറ്റയിലെ സ്വകാര്യ വ്യക്തിയുടെ വയലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മാലിന്യം കുഴിച്ചുമൂടുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തു.
ഇവിടേക്ക് മാലിന്യം കൊണ്ടുവന്ന് തള്ളുമെന്നറിഞ്ഞ് പ്രദേശവാസികള്‍ സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതേസമയംതന്നെ കരിവള്ളിക്കുന്നില്‍ നിന്ന് മാലിന്യം കയറ്റിക്കൊണ്ടുപോകാനുള്ള നീക്കം അവിടുത്തെ നാട്ടുകാര്‍ തടഞ്ഞു. പഴകിയ മാലിന്യങ്ങള്‍ നീക്കുമ്പോള്‍ അസഹ്യമായ ദുര്‍ഗന്ധമുണ്ടാകുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്‌കരണശാലക്കടുത്തുള്ള നാട്ടുകാര്‍ രംഗത്തുവന്നത്. മാലിന്യം കയറ്റിക്കൊണ്ടുപോകുന്നതിനായി നിരവധി ടിപ്പര്‍ ലോറികളും ജെ.സി.ബിയും സ്ഥലത്തെത്തിച്ചിരുന്നു.
നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് മാലിന്യ നീക്കത്തിന് ശ്രമിച്ചത്. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പൊലിസ് സ്ഥലത്തെത്തി. ഒടുവില്‍ മാലിന്യ നീക്കം ഉപേക്ഷിച്ച് അധികൃതര്‍ക്ക് മടങ്ങേണ്ടി വന്നു. മുന്‍പ് അമ്മായിപ്പാലത്ത് മാലിന്യം തള്ളിയപ്പോഴും നാട്ടുകാര്‍ പ്രതിഷേധവുമായി വന്നിരുന്നു. രണ്ടാഴ്ച മുന്‍പ് തൊടുവെട്ടിയിലെ ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള വലയിലെ കുളം വറ്റിച്ച് മാലിന്യമിട്ട് മൂടിയിരുന്നു.
കരിവള്ളിക്കുന്നിലെ ലോഡ് കണക്കിന് മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കി നിലമൊരിക്കിയാലേ ഇവിടെ പുതിയ പ്ലാന്റ് സ്ഥാപിക്കാനാവൂ. പക്ഷെ നിലവില്‍ ഇവിടെയുള്ള മാലിന്യം എവിടെ സംസ്‌കരിക്കുമെന്നറിയാതെ കുഴങ്ങുകയാണ് നഗരസഭ അധികൃതര്‍.
ഇതിനിടെ മാലിന്യ സംസ്‌കരണ പ്ലാന്റ് വിരുദ്ധ ആഷന്‍ കമ്മിറ്റിയും പ്രവര്‍ത്തനം തുടങ്ങി. നഗരസഭ ഭരണ സമിതിയുടെ സ്വപ്ന പദ്ധതിയാണ് ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."