സിസിലിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനിയും വൈകും
കല്‍പ്പറ്റ: സൗദിയില്‍ മരണമടഞ്ഞ കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ അംഗം കമ്പളക്കാട് ചുണ്ടക്കര മാവുങ്കല്‍ സിസിലി മൈക്കിളി(48)ന്റെ മൃതദേഹം നാട്ടിലെത്താന്‍ ഇനിയും ദിവസങ്ങള്‍ വൈകും.
നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള താമസമാണെന്നാണ് സൗദിയിലുള്ള വിവിധ മലയാളി അസോസിയേഷനുകള്‍ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. സൗദിയിലെ കെ.എം.സി.സി ഭാരവാഹികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ ബന്ധുക്കള്‍ ഓതറൈസേഷന്‍ ലെറ്ററും പവര്‍ ഓഫ് അറ്റോര്‍ണിയും അയച്ചുകൊടുത്തു.
ഈ രേഖകള്‍ എംബസിക്ക് കൈമാറും. മൃതദേഹം ഇപ്പോഴും സൗദിയിലെ കിങ് ഖാലിദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നോര്‍ക്കയും എം.പി അടക്കമുള്ള ജനപ്രതിനിധികളും ഒരു നടപടിയും എടുക്കുന്നില്ലെന്ന് ബന്ധുക്കള്‍ക്ക് ആക്ഷേപമുണ്ട്. ജനപ്രതിനിധികളുടെ ഓഫിസുകള്‍ കയറിയിറങ്ങി ബന്ധുക്കള്‍ മടുത്തു. ഇതിനിടെ സിസിലി അടക്കമുള്ളവരെ ജോലിക്കയച്ച ഏജന്‍സി, ഇടനിലക്കാര്‍ എന്നിവര്‍ക്കെതിരേ നല്‍കിയ പരാതിയില്‍ പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
കമ്പളക്കാട് പൊലിസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ ജില്ലാ പൊലിസ് ചീഫിന് പരാതി നല്‍കിയിരുന്നു. ഏപ്രില്‍ 24നാണ് സിസിലി മരിച്ചത്.
സിസിലി അടക്കമുള്ള നാലു സ്ത്രീകള്‍ക്ക് നഴ്‌സറി കുട്ടികളെ പരിചരിക്കുന്ന ജോലിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ വീട്ടുജോലിയാണ് ലഭിച്ചത്. സൗദിയില്‍ ബുദ്ധിമുട്ടാണെന്നും ഇവിടെ നിന്ന് തന്നെ രക്ഷിക്കണമെന്നും സിസിലി സഹോദരനോട് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് മരണത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."