പൊലിസ് ക്രൂരത വീണ്ടും നിരപരാധിയെ കള്ളക്കേസില്‍ കുടുക്കി എസ്.ഐയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം
കൊല്ലം: പൊലിസ് ക്രൂരത വീണ്ടും. നിരപരാധിയെ കള്ളക്കേസില്‍ കുടുക്കി എസ്.ഐയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം. കുറിച്ചിട്ടി നടത്തിവന്ന ഗൃഹനാഥനെ ചിട്ടി പിടിച്ച ദമ്പതിമാരുടെ കള്ളപരാതിയിലാണ് എസ്.ഐ മര്‍ദിച്ചവശനാക്കിയത്.
കൊട്ടാരക്കര തലച്ചിറ ചിരട്ടക്കോണം നിഷാഭവനില്‍ ബാബു(59)വും ഭാര്യയും ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രിക്കും പൊലിസ് ഉന്നതാധികാരികള്‍ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി. കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ ശിവപ്രകാശ്, സ്‌റ്റേഷനിലെ കണ്ടാലറിയാവുന്ന ഒരു പൊലീസുകാരന്‍, ചിരട്ടക്കോണം കണ്ണംകോട് സ്വദേശികളായ രുഗ്മാംഗദന്‍, ഭാര്യ ഉഷ എന്നിവര്‍ക്കെതിരേയാണു പരാതി.
ഒരുലക്ഷം രൂപയുടെ ചിട്ടിയില്‍ ചേര്‍ന്ന രുഗ്മാംഗദനും ഭാര്യയും 70,000 രൂപക്ക് ചിട്ടി പിടിച്ചു. എന്നാല്‍ തുക തിരികെ അടയ്ക്കാത്തതിനെത്തുടര്‍ന്നു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് പൊലിസില്‍ കള്ളപരാതി നല്‍കുകയുമായിരുന്നുവെന്ന് ബാബു പറഞ്ഞു.
തന്നെ ഭീഷണിപ്പെടുത്തിയതിനെതിരേ പൊലിസില്‍ പരാതി നല്‍കാന്‍ ചെന്നപ്പോഴാണ് ബാബുവിനെ എസ്.ഐയും ഒരു പൊലിസുകാരനും ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചത്. നേരത്തെ പരാതി നല്‍കിയ രുഗ്മാംഗദന്റേയും ഭാര്യയുടേയും സാന്നിധ്യത്തിലായിരുന്നു മര്‍ദനം. ഇടതുകണ്ണിന് ഓപ്പറേഷന്‍ കഴിഞ്ഞവിവരം പറഞ്ഞതുപോലും കേള്‍ക്കാതെ മുഖത്തടിക്കുകയും നിലത്തിട്ടു ചവിട്ടുകയും തുടര്‍ന്നു ഇവര്‍ നല്‍കാനുള്ള പണം വേണ്ടെന്നു എഴുതി ഒപ്പിട്ടുവാങ്ങുകയും ചെയ്തുവെന്നും ബാബു പറയുന്നു. മര്‍ദനത്തെ തുടര്‍ന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മൂന്നുദിവസം ചികിത്സയിലായിരുന്നു. ഒരു അന്വേഷണവും നടത്താതെ തന്നെ അകാരണമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ചിട്ടിപ്പണം തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ബാബുവും ഭാര്യയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."