വിലക്കുറവിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ്; വാങ്ങാം പെന്‍സില്‍ മുതല്‍ ബാഗ് വരെ
കോഴിക്കോട്: വേനലവധി പകുതിയായപ്പോഴേക്കും 'സ്‌കൂള്‍ മാര്‍ക്കറ്റ് ' ഉണര്‍ന്നു. പൊതുമാര്‍ക്കറ്റില്‍ സ്‌കൂള്‍ വിപണിയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടില്ലെങ്കിലും കോഴിക്കോട് ഡി.ഡി.ഇ ഓഫിസ് പരിസരത്ത് എത്തിയാല്‍ അവിടെ സ്‌കൂള്‍ വിപണി സജീവമാണ്. ഇവിടെ ആരംഭിച്ച സഹകരണ സ്‌കൂള്‍ മാര്‍ക്കറ്റില്‍ രക്ഷിതാക്കളുടെയും കുട്ടികളുടെയും തിരക്കിലാണ്. ബാഗും ബുക്കും കുടയുമൊക്കെ വാങ്ങി പോകുന്നവര്‍ ഏറെയാണ്. വിലക്കുറവാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നിരവധി വര്‍ണങ്ങളിലും കളിപ്പാട്ടങ്ങളുമടങ്ങിയ കുടകള്‍ പരസ്യങ്ങളില്‍ നിറയുന്നുണ്ട്. എന്നാല്‍ വില കേട്ടാല്‍ തലകറങ്ങും. മാര്‍ക്കറ്റ് കയറി ഇറങ്ങുമ്പോഴേക്ക് രക്ഷിതാക്കളുടെ കീശ കാലിയാവും.
മാര്‍ക്കറ്റില്‍ വിലകൂടുന്നതിനാല്‍ മിതമായ നിരക്കില്‍ പഠനോപകരണങ്ങളുടെ 'സഹകരണ സ്‌കൂള്‍ മാര്‍ക്കറ്റ്' ഒരുക്കുകയാണ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോപ്പറേറ്റിവ് സൊസൈറ്റി.
പൊതു വിപണിയില്‍ നിന്ന് നല്ല വ്യത്യാസത്തിലാണ് സഹകരണ മാര്‍ക്കറ്റിലെ വില. ബാഗുകള്‍, ഷൂസുകള്‍, റെയ്ന്‍കോട്ട്, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍ എല്ലാം പൊതുവിപണിയില്‍നിന്നുള്ളതിനേക്കാള്‍ പത്തുശതമാനത്തില്‍ കുറവില്‍ ഇവിടെ നിന്ന് വാങ്ങാം. ബാഗുകള്‍ക്ക് 300 രൂപ മുതലാണ് വില. 45 രൂപയുള്ള നോട്ട് ബുക്കിന് 38, 520 രൂപ വരുന്ന കുടക്ക് 480 മറ്റു പഠനോപകരണങ്ങള്‍ക്കും പ്രിന്റ് തുകയേക്കാള്‍ കുറവിലാണ് വില്‍പ്പന.
ഒരു പാക്കറ്റ് പേനയെടുത്താല്‍ പത്ത് രൂപ കുറയും. ഒരു പേനയില്‍ ഒരു രൂപവച്ചാണ് കുറവ് നല്‍കുന്നത്. ലാഭം പ്രതീക്ഷിക്കാത്തതിനാല്‍ വില പരമാവധി കുറച്ചാണ് നല്‍കുന്നതെന്ന് സൊസൈറ്റി സെക്രട്ടറി ഗിരീഷ് പറയുന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലെ ആവശ്യക്കാര്‍ തന്നെ ഇത്തവണയും വരുന്നുണ്ട്. തുടര്‍ച്ചയായി മൂന്നു വര്‍ഷങ്ങളിലും സൊസൈറ്റി സ്‌കൂള്‍ സഹകരണ മാര്‍ക്കറ്റ് നടത്തിയിട്ടുണ്ട്. മൂന്നു വര്‍ഷങ്ങളിലും നല്ലതിരക്കാണ് ഉണ്ടാവാറ്. ദിവസം കഴിയുംതോറും തിരക്കു കൂടുന്നുണ്ട്. സൊസൈറ്റിയിലെ അധ്യാപകരുടെ മക്കളാണ് കച്ചവടം നടത്തുന്നത്. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് ഇവര്‍ ജോലിചെയ്യുന്നത്. ഓണം, ക്രിസ്മസ്, റമദാന്‍ വിപണികള്‍ സൊസൈറ്റി വിലക്കുറവില്‍ നടത്താറുണ്ട്. ജൂണ്‍ അഞ്ച് വരെയാണ് സ്‌കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."