വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാം: സെന്‍കുമാര്‍ കേസില്‍ സുപ്രിം കോടതി
ന്യൂഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാറിന് കനത്ത തിരിച്ചടി. വിധിയില്‍ വ്യക്തത തേടിയുള്ള സര്‍ക്കാറിന്റെ ഹരജി സുപ്രിം കോടതി തള്ളി. കോടതി ചെലവായി സര്‍ക്കാര്‍ 25,000 രൂപ അടക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹരജിയില്‍ സുപ്രിം കോടതി സര്‍ക്കാറിന് നോട്ടീസയച്ചു. സെന്‍കുമാറിനെ പൊലിസ് മേധാവിയായി പുനര്‍നിയമിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.
ചീഫ്‌സെക്രട്ടറി തത്ക്കാലം ഹാജരാവേണ്ടതില്ലെന്ന് കോടതി അറിയിച്ചു. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി മുന്നറിയിപ്പു നല്‍കി.
കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിധിക്കെതിരെ പുനഃപരിശോധനാ ഹരജിയും വ്യക്തത ആവശ്യപ്പെട്ട ഹരജിയും ഫയല്‍ ചെയ്ത കാര്യം അറിയിച്ചെങ്കിലും സര്‍ക്കാര്‍ വാദം കോടതി കേട്ടില്ല.
വിധി പ്രഖ്യാപിച്ച് പന്ത്രണ്ട് ദിവസമാകുമ്പോഴും സര്‍ക്കാര്‍ പുനര്‍നിയമന ഉത്തരവ് പുറത്തിറക്കിയില്ല. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിറക്കുന്നതിന് പ്രധാനതടസമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നുമായിരുന്നു സെന്‍കുമാറിന്റെ ആവശ്യം. ഒപ്പം പൊലിസ് മേധാവിയായി നിയമിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെയും സെന്‍കുമാര്‍ ചോദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."