രാമന്തളിയിലെ മാലിന്യ പ്ലാന്റ് പ്രശ്‌നം പരിഹരിക്കും: അരുണ്‍ ജെയ്റ്റ്‌ലി
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ നിര്‍മാര്‍ജന പ്ലാന്റുമായി(എസ്.ടി.പി) ബന്ധപ്പെട്ട രാമന്തളി ഗ്രമവാസികളുടെ പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രശ്‌ന പരിഹാരത്തിന് ഇടപെടല്‍ നടത്താമെന്നും കോഴിക്കോട് എം.പി എം.കെ രാഘവന് കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഉറപ്പ്. നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കാമെന്നും മന്ത്രി എം.പിയെ അറിയിച്ചു. സമരം പിന്‍വലിക്കാന്‍ രാമന്തളി ഗ്രാമവാസികളോട് മന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു.
രാമന്തളി ഗ്രാമവാസികള്‍ അക്കാദമിയിലെ മാലിന്യ നിര്‍മാര്‍ജന യൂനിറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി സമരം നടത്തിവരികയാണ്. ഈ പശ്ചാത്തലത്തിലാണ് എം.കെ രാഘവന്‍ എം.പി ബുധനാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
നാവിക അക്കാദമിക്കുള്ളിലെ മാലിന്യ നിര്‍മാര്‍ജന പ്ലാന്റില്‍ നിന്നാണ് ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേക്ക് മലിന ജലമെത്തുന്നത് എന്ന് തെളിഞ്ഞെങ്കിലും അധികൃതര്‍ അനാസ്ഥ തുടരുകയാണ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് എസ്.ടി.പി പ്രവര്‍ത്തിക്കുന്നത്. സമരവുമായി ബന്ധപ്പെട്ട് സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള സംവഭവങ്ങളും ഉണ്ടായിട്ടുണ്ട്. സമരം ശക്തമായതിനെ തുടര്‍ന്ന് നാവിക ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദര്‍ശിച്ചെങ്കിലും പ്രശ്‌ന പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."