അഴീക്കല്‍ തുറമുഖ വികസനം: കമ്പനി രൂപീകരണം പുരോഗതിയില്‍: മന്ത്രി കടന്നപ്പള്ളി
തിരുവനന്തപുരം: അഴീക്കല്‍ തുറമുഖ വികസനത്തിനായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ മാതൃകയില്‍ പ്രത്യേക കമ്പനി രൂപീകരിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തെ വലിയ ചരക്കു ഗതാഗത കേന്ദ്രമായും മലബാര്‍ മേഖലയുടെ വികസനത്തിനുള്ള പ്രധാന ചവിട്ടുപടിയായും അഴീക്കല്‍ തുറമുഖത്തെ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. കമ്പനി രൂപീകരണത്തിന് മുന്നോടിയായി കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും തയാറാക്കി കമ്പനി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. ടി.വി രാജേഷ് എം.എല്‍.എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. അഴീക്കലില്‍ മൂന്ന് ഘട്ടത്തിലുള്ള വികസനമാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. 227 മീറ്റര്‍ നീളമുളള നിലവിലെ തുറമുഖത്തില്‍ ക്രെയിനുകളും മറ്റ് ആധുനിക ഉപകരണങ്ങളും സജ്ജമാക്കി പ്രവര്‍ത്തനക്ഷമമാക്കുന്നതാണ് ആദ്യഘട്ടം. ഇതിനായി നാല് മീറ്റര്‍ ആഴത്തില്‍ ഡ്രഡ്ജിങ് നടത്തുന്നതിന് കേരള സ്റ്റേറ്റ് മാരിടൈം ഡെവല പ്‌മെന്റ് കോര്‍പറേഷനെ ചുമതലപ്പെടുത്തി പണികള്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യംഘട്ടം പൂര്‍ത്തിയാകുന്നതോടെ ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് ചരക്കു ഗതാഗതം ആരംഭിക്കാന്‍ കഴിയുമോ എന്നത് പരിശോധിക്കും. 180 മീറ്റര്‍ നീളമുള്ള മൂന്ന് ബര്‍ത്തുകളും 200മീറ്റര്‍ നീളമുള്ള രണ്ട് ബര്‍ത്തുകളും ഉള്‍പ്പെടുന്ന രണ്ടാം ഘട്ട വികസനത്തിന് 496 കോടി രൂപ ചിലവ് വരുന്ന പ്രോജക്ടിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പി.പി.പി അല്ലെങ്കില്‍ ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ 14.5 മീറ്റര്‍ ആഴമുള്ള 550, 460, 600 മീറ്റര്‍ നീളത്തിലുള്ള മൂന്ന് വാര്‍ഫുകളുളള വന്‍കിട തുറമുഖമായി അഴീക്കലിനെ വികസിപ്പിക്കാനാണ് മൂന്നാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാലാ പദ്ധതിയിലുള്‍പ്പെടുത്തി അഴീക്കല്‍ തുറമുഖം വികസിപ്പിക്കുന്നതിനളള ശ്രമവും നടക്കുന്നതായി മന്ത്രി അറിയിച്ചു. കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയും വിധം ഡ്രഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായും മന്ത്രി നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."