കിന്‍ഫ്ര ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുങ്ങുന്നു
തളിപ്പറമ്പ്: നാടുകാണി കിന്‍ഫ്ര ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ നിന്നുള്ള മലിനീകരണ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. പതിനായിരം പേര്‍ക്ക് നേരിട്ടും 25,000 പേര്‍ക്ക് അനുബന്ധ മേഖലയിലും തൊഴില്‍ ലഭ്യമാക്കുന്ന രീതിയില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ 2010ല്‍ ആരംഭിച്ച കിന്‍ഫ്ര ടെക്സ്റ്റൈല്‍ പാര്‍ക്കിനെതിരേ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനകം തന്നെ മലിനജലം ഒഴുകിയെത്തുന്നതായി ആരോപിച്ച് പരിസരവാസികള്‍ സമരം തുടങ്ങിയിരുന്നു. 4.2 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന പുതിയ ആര്.ഒ പ്ലാന്റ് ജൂണില്‍ കമ്മിഷന് ചെയ്യും.
കേന്ദ്ര സര്‍ക്കാര്‍ ടെക്സ്റ്റൈല്‍ സെന്റര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് സ്കീം പ്രകാരം എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി രാജ്യത്ത് എല്ലാ സൗകര്യങ്ങളോടുംകൂടി പൂര്‍ത്തിയായ ആദ്യ സെന്ററായിരുന്നു നാടുകാണിയിലേത്.
ഉദ്ഘാടനത്തിന് മുമ്പ് രാജ്യത്തെ പ്രമുഖരായ 24 കമ്പനികള്‍ ഇവിടെ ടെക്സ്റ്റൈല്‍ യൂനിറ്റ് തുടങ്ങാന്‍ സ്ഥലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 15 പേര് പിന്മാറി.
കണ്ണൂരിലും ജില്ലയിലെ മറ്റിടങ്ങളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ടെക്സ്റ്റൈല്‍ കമ്പനികളുടെ യൂനിറ്റുകളാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ടെക്സ്റ്റൈല്‍ കമ്പനികള്‍ വരാതിരുന്നതോടെ മറ്റ് മേഖലയിലെ 30 വ്യവസായ യൂനിറ്റുകള്‍ക്ക് സ്ഥലം നല്കാന് കിന്‍ഫ്ര തയാറായി. ഇനിയും 20 യൂനിറ്റുകള്‍ക്കു കൂടി പ്രവര്‍ത്തിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ച് നവീകരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതിനെ പ്രതീക്ഷയോടെയാണ് സംരംഭകര്‍ സ്വാഗതം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."