മലയോരം പകര്‍ച്ചവ്യാധികളുടെ പിടിയില്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലെന്ന് ആരോപണം
കുന്നുംകൈ: കാലാവസ്ഥാ വ്യതിയാനം മൂലം മലയോരം പകര്‍ച്ചവ്യാധികളുടെ പിടിയിലാകുന്നു. കടുത്ത വേനലിനെ തുടര്‍ന്ന് ഡെങ്കിപ്പനി, ചിക്കന്‍ പോക്‌സ് തുടങ്ങിയ വ്യാധികളാണു ഗ്രാമങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്.
മലയോരത്തെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റും പകര്‍ച്ചവ്യാധികള്‍ ബാധിച്ചു ചികിത്സ തേടി എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്നതായി സൂചനയുണ്ട്.
കഴിഞ്ഞ തവണ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച ഈസ്റ്റ് എളേരി പഞ്ചായത്തിലും പരിസരങ്ങളിലും ആരോഗ്യ വകുപ്പു വേണ്ടത്ര മുന്‍കരുതല്‍ എടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട് .
വെസ്റ്റ് എളേരി പഞ്ചായത്തിലെ മണ്ഡപം ഗോക്കടവില്‍ പത്തോളം പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം തുടങ്ങുമ്പോള്‍ മാത്രം അധികൃതര്‍ രംഗത്തു വരുന്നതാണ് രോഗങ്ങള്‍ പടരാന്‍ കാരണമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ശുദ്ധജലം ലഭ്യമല്ലാത്തതും ആളുകളില്‍ രോഗപ്രതിരോധശേഷി കുറവുമാണ് ഒരു പരിധിവരെ രോഗങ്ങള്‍ പടരാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത് .
എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തത് രോഗികളെ നെട്ടോട്ടം ഓടിക്കുകയാണ്. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും മരുന്നിന്റെയും കുറവാണു ദുരിതം സൃഷ്ടിക്കുന്നത്. അപര്യാപ്തതകള്‍ കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണു ജനം.
ജനങ്ങളെ ബോധ വല്‍ക്കരിച്ചും പരിസര ശുചീകരണവും മറ്റും നടത്തിയാല്‍ ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നു അധികൃതര്‍ പറയുന്നു.
പഞ്ചായത്തുകളില്‍ ഇത് സംബന്ധിച്ച് യോഗങ്ങള്‍ ചെരുന്നുണ്ടെങ്കിലും പലപ്പോഴും ഫലപ്രാപ്തിയില്‍ എത്തുന്നില്ല എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."