അടിസ്ഥാന സൗകര്യങ്ങളില്ല; ഏത്തടുക്ക ടൗണ്‍ വീര്‍പ്പു മുട്ടുന്നു
ബദിയടുക്ക: കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കുമ്പഡാജെ പഞ്ചായത്തിലെ ഏത്തടുക്ക നഗരം അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പ് മുട്ടുന്നു. താരതമ്യേന വികസനം മുരടിച്ചു നില്‍ക്കുന്ന പ്രദേശത്ത് വികസനത്തിനു വേണ്ടിയുള്ള ഗ്രാമവാസികളുടെ കാത്തിരിപ്പിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന നഗരമെന്നതിനാല്‍ ദിവസേന ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്.
കാസര്‍കോട് ഭാഗത്തു നിന്നു എളുപ്പത്തില്‍ വിദ്യാഗിരി ഏത്തടുക്ക വഴി ഈശ്വര മംഗല പുത്തൂരിലേക്കും, സ്വര്‍ഗ പാണാജെ വഴി പുത്തൂരിലേക്കും ചെന്നെത്തുന്ന റോഡായതു കൊണ്ട് അയല്‍ സംസ്ഥാനങ്ങളിലേക്കു പോകുന്നവര്‍ എളുപ്പവഴിയായി ഈ റോഡാണുപയോഗിക്കുന്നത്.
ദിനംപ്രതി നൂറു കണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. കൃഷി പ്രധാന വരുമാന മാര്‍ഗമായ ഗ്രാമവാസികള്‍ക്ക് അവരുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കണമെങ്കില്‍ ഒന്നുകില്‍ ബദിയടുക്ക, കാസര്‍കോട് അല്ലെങ്കില്‍ കര്‍ണാടകയിലെ പുത്തൂരിലേക്കു കൊണ്ടു പോകുന്നതിനു റോഡ് തടസമാവുന്നു വെന്നാണ് അവരുടെ പരാതി.
മൂന്നു പതിറ്റാണ്ടു മുമ്പ് അനധികൃത കടത്തു തടയാന്‍ സ്ഥാപിച്ച ചെക്ക് പോസ്റ്റുണ്ടെങ്കിലും അതിനു സ്വന്തമായി കെട്ടിടമില്ല. ഒറ്റ മുറി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റില്‍ ജീവനക്കാര്‍ക്കു പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ല. സദാ സമയവും തുറന്നിടുന്ന ഗേറ്റ് അനധികൃത കടത്തു സംഘത്തിന് അനുഗ്രഹമായി മാറുന്നുവെന്ന ആരോപണമുണ്ട്.
മാത്രമല്ല ഏത്തടുക്ക വഴി കിന്നിംഗാറിലേക്കും ബദിയടുക്ക പള്ളത്തടുക്ക വഴി ഏത്തടുക്കയിലേക്കും ബസ് സര്‍വിസ് ഉണ്ടെങ്കിലും ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രമില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാരാണു ചുട്ടു പൊള്ളുന്ന വേനലിലും മഴയിലും ഇവിടെ റോഡരികില്‍ ബസ് കാത്തു നില്‍ക്കുന്നത്. ഇങ്ങനെ നിരവധി പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന ഏത്തടുക്കയുടെ വികസനത്തിനു കക്ഷി രാഷ്ട്രീയം മറന്ന് അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."