കുടിവെള്ളത്തെ ചൊല്ലി ഗ്രാമസഭയില്‍ ബഹളം
പെര്‍ള: കുടിവെള്ള പ്രശ്‌നത്തെ ചൊല്ലി ഗ്രാമസഭാ യോഗത്തില്‍ ബഹളം. കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍മകജെ പഞ്ചായത്ത് ഒന്ന്, രണ്ട് വാര്‍ഡുകളിലെ ഗ്രാമസഭാ യോഗത്തിലാണ് ബഹളമുണ്ടായത്. കുടിവെള്ള ക്ഷാമം രൂക്ഷമായ വാര്‍ഡിലെ ചവര്‍ക്കാട് പ്രദേശത്തെ ഭൂരിഭാഗം കിണറുകളും മറ്റു കുടിവെള്ള സ്രോതസുകളും വറ്റി വരണ്ടു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലയളവില്‍ വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്തിരുന്നതു നാട്ടുകാര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ നിലവിലെ പഞ്ചായത്ത് ഭരണ സമിതി അധികാരമേറ്റതിനു ശേഷം കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനു പദ്ധതികള്‍ ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ലെന്നാണു പ്രദേശവാസികള്‍ ആരോപിക്കുന്നത്.
പഞ്ചായത്തിലെ ചില സ്ഥലങ്ങളില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ഗോളിത്തടുക്ക കുടിവെള്ള പദ്ധതിയില്‍ നിന്നു കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും അഡ്ക്കസ്ഥല പുഴയില്‍ ജലലഭ്യത കുറഞ്ഞതോടെ അതും നിലച്ചു. അതേ സമയം പഞ്ചായത്തിലെ കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന സ്ഥലം എന്നതു കൊണ്ടു തന്നെ ഒന്നും രണ്ടും വാര്‍ഡിലെ ഒരു വശത്തു പാണ്ടിഗയയില്‍ കൂടി കര്‍ണാടക സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതി വഴി ജല വിതരണം നടക്കുന്നുണ്ട്. കുടിവെള്ള പ്രശ്‌നം രൂക്ഷമായിട്ടും പഞ്ചായത്ത് പ്രസിഡന്റ് ജനങ്ങളുടെ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണെന്നു ഗ്രാമസഭയില്‍ ആരോപണമുയര്‍ന്നു. ഒരാഴ്ചക്കുള്ളില്‍ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരമുണ്ടാകാത്ത പക്ഷം പടിക്കല്‍ വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും സംഘടിപ്പിച്ചു ധര്‍ണ നടത്തുമെന്നു പ്രദേശവാസികള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പു നല്‍കി. ഒന്നാം വാര്‍ഡില്‍ യു.ഡി.എഫിലെ ഐത്തപ്പ കുലാലും രണ്ടാം വാര്‍ഡില്‍ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രി കുലാലുമാണ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."