മലേഗാവ് സ്‌ഫോടനം: മഹാരാഷ്ട്ര സര്‍ക്കാറിന് സുപ്രിം കോടതി നോട്ടിസ്
ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറിനും ദേശീയ അന്വേഷണ ഏജന്‍സിക്കും സുപ്രിം കോടതി നോട്ടിസയച്ചു. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി ലഫ്. കേണല്‍ പുരോഹിത് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നാലാഴ്ചക്കകം മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പുരോഹിത് സുപ്രിം കോടതിയെ സമീപിച്ചത്. നേരത്തെ എന്‍.ഐ.എ പ്രത്യേക കോടതിയും ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
2008 സെപ്റ്റംബര്‍ 29 നായിരുന്നു മലേഗാവ് സ്‌ഫോടനം. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറുപേര്‍ മരിക്കുകയും 100ലധികംപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആദ്യം ന്യൂനപക്ഷങ്ങളെയാണ് സംശയിച്ചിരുന്നത്.
പിന്നീടുള്ള അന്വേഷണത്തിലാണ് ഹിന്ദു തീവ്രവാദ സംഘടനയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പ്രഗ്യാസിങും പുരോഹിതും അടക്കമുള്ളവരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സാധ്വി പ്രഗ്യാസിങ് താക്കൂറിന് പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ ജാമ്യത്തുകയിലും പാസ്‌പോര്‍ട്ട് എന്‍.ഐ.എക്ക് നല്‍കണമെന്ന വ്യവസ്ഥയിലുമാണ് പ്രഗ്യാസിങിന് ജാമ്യം അനുവദിച്ചത്.
2009 ജനുവരിയില്‍ പ്രതികള്‍ക്കെതിരേ മക്കോക്ക നിയമം ചുമത്തി. 2011ലാണ് ഹിന്ദുത്വ സംഘടനകള്‍ ഉള്‍പ്പെട്ട എല്ലാ കേസുകളും എന്‍.ഐ.എക്ക് കൈമാറിയത്.
പ്രഗ്യാസിങ്ങിന് ക്ലീന്‍ചിറ്റ് നല്‍കിയാണ് നേരത്തെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇവരെ കൂടാതെ ശ്യാം സാഹു. ശിവനാരായണ്‍ കല്‍സംഗ്ര, പ്രവീണ്‍ തക്കല്‍കി എന്നിവരെയും എന്‍.ഐ.എ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെ മുംബൈയിലെ പ്രത്യേക വിചാരണക്കോടതി ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."