പെരിനാട്ട് എസ്റ്റേറ്റിലെ മരം മുറിക്കാനുള്ള അനുമതി: ഉത്തരവിന് സ്റ്റേ
കൊച്ചി : എ.വി.ടിയുടെ റാന്നി പെരിനാട്ടിലെ എസ്റ്റേറ്റില്‍ നിന്ന് മരം മുറിക്കാന്‍ അനുമതി നല്കിയ സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി മെയ് 25 വരെ സ്റ്റേ ചെയ്തു. മരം മുറിക്ക് അനുമതി നല്കിയ ഉത്തരവിനെതിരേ പെരിനാട്ടിലെ കുറുങ്ങാലില് ശ്രീ മഹാദേവി ശാസ്താ ക്ഷേത്രം ഭാരവാഹികള്‍ നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ച് സ്റ്റേ അനുവദിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിച്ച് ഉറപ്പു വരുത്താതെയാണ് 50 കോടിയിലേറെ വിലവരുന്ന മരങ്ങള്‍ മുറിച്ചു നീക്കാന്‍ സിംഗിള്‍ബെഞ്ച് അനുമതി നല്‍കിയതെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എ.വി.ടിയുടെ കൈവശമുള്ള എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന വാദമുള്ള സാഹചര്യത്തിലാണ് റബര്‍ മരങ്ങള്‍ മുറിച്ചു നീക്കാന്‍ റവന്യൂ അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് എ.വി.ടിയും മിഡ്ലാന്‍ഡ് റബര്‍ ആന്‍ഡ് പ്രൊഡ്യൂസസ് കമ്പനിയും നല്കിയ ഹരജിയില്‍ മരങ്ങള്‍ മുറിച്ചു നീക്കാന്‍ ഏപ്രില്‍ 11 ന് ഇടക്കാല ഉത്തരവിലൂടെ സിംഗിള്‍ബെഞ്ച് അനുവദിച്ചു. എ.വി.ടി കമ്പനി അധികൃതര്‍ ക്ഷേത്രത്തിന്റെ ഭൂമി കൈയേറിയെന്നാരോപിച്ച് കുറുങ്ങാലില് ക്ഷേത്ര ഭാരവാഹികള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് മരം മുറിക്ക് എ.വി.ടി അനുമതി തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."