ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഈ വര്‍ഷം നടപ്പാക്കും
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിയമ സഭയെ അറിയിച്ചു. 10,000 രൂപ വരെയുള്ള ചികിത്സാ സഹായവും രണ്ടുലക്ഷം രൂപ വരെയുള്ള അപകട ഇന്‍ഷുറന്‍സും ഉറപ്പു വരുത്തുന്നതാണ് പദ്ധതി.
ഇതരസംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ജില്ലാകേന്ദ്രങ്ങളില്‍ സഹായകേന്ദ്രം ആരംഭിക്കും. ഇതിനായി തൊഴിലാളികളില്‍ നിന്ന് തന്നെ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കും. അല്ലാത്തപക്ഷം ലേബര്‍ ഓഫിസ് ജീവനക്കാരെ ഇതിനായി ചുമതലപ്പെടുത്തും.
അപ്നാഘര്‍ പദ്ധതി വഴി പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ഹോസ്റ്റല്‍ പൂര്‍ത്തിയായിട്ടുണ്ട്. 64 മുറികളിലായി 640 തൊഴിലാളികളെ പാര്‍പ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഇതിന്റെ മാതൃകയില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും ഇതേ രീതിയില്‍ ഹോസ്റ്റലുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നടത്തിയ മെഡിക്കല്‍ ക്യാംപുകളില്‍ ഗുരുതരമായ രോഗങ്ങള്‍ തൊഴിലാളികളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തൊഴിലാളികള്‍ സംസ്ഥാനത്തേയ്ക്കു വരുമ്പോള്‍ തന്നെ മെഡിക്കല്‍ പരിശോധന നടത്തുക എന്നത് നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമാണെന്നും മന്ത്രി പറഞ്ഞു.
ഏകദേശം 25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആവാസ് പദ്ധതി പ്രകാരം തൊഴിലാളികളുടെ കൃത്യമായ കണക്ക് ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
വെഞ്ഞാറമ്മൂട്, കുളത്തൂപ്പുഴ, റാന്നി, കണ്ണന്‍ദേവന്‍ ഹില്‍സ്, പീരുമേട്, മന്നംകണ്ടം, കട്ടപ്പന, കുമളി, കൂത്താട്ടുകുളം, ആലത്തൂര്‍, മണ്ണാര്‍ക്കാട്, മുക്കം,കൂറ്റനാട്, ബാലുശേരി, താമരശേരി, കുണ്ടോട്ടി, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ പുതിയ ഇ.എസ്.ഐ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."