കവടിയാറിലെ മാലിന്യകൂമ്പാരം: മൂന്നാഴ്ചക്കകം മാറ്റണമെന്ന് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: കവടിയാര്‍ ജംങ്ഷന് സമീപം പൈപ്പ് ലൈന്‍ റോഡില്‍ കേരള ജല അതോറിറ്റിയുടെ വസ്തുവില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ മൂന്നാഴ്ചക്കകം നീക്കം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കാണ് കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നോട്ടീസയച്ചത്.
ജലഅതോറിറ്റിയുടെ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന കാര്യം നഗരസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ജലഅതോറിറ്റി നോര്‍ത്ത് സബ്ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസരവാസികളാണ് ഇത്തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത്. പൈപ്പ് ലൈന്‍ റോഡില്‍ നിര്‍മല്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജലഅതോറിറ്റിയുടെ സ്ഥലത്തേക്കാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്.
പൊലിസിന്റെയും റസിഡന്‍സ് അസോസിയേഷന്റെയും നിരീക്ഷണത്തോടെ മാത്രമേ രാത്രിയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനായി പൊലിസിന്റെയും റസിഡന്‍സ് അസോസിയേഷന്റെയും സഹകരണം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ വര്‍ഷങ്ങളായി ഇവിടെ മാലിന്യം വലിച്ചെറിയുകയാണെന്ന് പരാതിക്കാരനായ റോയല്‍ കവടിയാര്‍ സംരക്ഷണ ഫോറം പ്രസിഡന്റ് ഷെഫിന് കവടിയാര്‍ പറഞ്ഞു. മാലിന്യങ്ങള്‍ ചീഞ്ഞുനാറി കാല്‍നടയാത്ര പോലും ദുസഹമാണെന്നും പരാതിയില്‍ പറയുന്നു. ഇപ്പോള്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കാന്‍ സ്വീകരിച്ച നടപടികളാണ് കമ്മിഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."