മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കും: മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന തരത്തില്‍ പുനരധിവാസം ഉറപ്പാക്കുമെന്നും കടലിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരുള്‍പ്പെടെയുള്ളവര്‍ക്ക് വീടും സ്ഥലവും നല്‍കുന്ന തരത്തില്‍ സമഗ്ര പാര്‍പ്പിട പദ്ധതി ലക്ഷ്യമാക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ധനസഹായ വിതരണം കോവളം അനിമേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കടല്‍തീരത്ത് സ്വന്തമായി വീടുള്ളവര്‍ ഉള്‍പ്പെടെ 33000 ആളുകളുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. ഇതിന് പതിമൂവായിരം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ആദ്യഘട്ടമെന്ന നിലയില്‍ 1250 വീടുകള്‍ ഈ വര്‍ഷം തന്നെ നല്‍കും അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ആളുകള്‍ക്ക് വീട് നല്‍കുന്ന തരത്തില്‍ പദ്ധതി ആസൂത്രണം ചെയ്യും. കടല്‍ തീരത്തിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ യാതൊരു തരത്തിലുള്ള കയ്യേറ്റങ്ങളും അനുവദിക്കില്ല.
വലിയതുറയിലെ പുനരധിവാസ ക്യാമപിലുണ്ടായിരുന്ന 196 കുടുംബങ്ങള്‍ക്ക് 18 കോടിരൂപ ചെലവില്‍ നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ ഇത്തരത്തിലുള്ള ഫ്‌ളാറ്റുകളാണ് നിര്‍മിച്ചു നല്‍കുകയെന്നും അവര്‍ അറിയിച്ചു.
വിഴിഞ്ഞത്ത് കുടിയൊഴിപ്പിക്കപ്പെട്ടവരെ അടിയന്തിരമായി പുനരധിവസിപ്പിക്കും. അഞ്ചുവര്‍ഷംകൊണ്ട് വീടും വെള്ളവും വെളിച്ചവും എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഉറപ്പാക്കുന്ന തരത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
സമയകാല ഭേദമില്ലാതെ മത്സ്യം തലച്ചുമടായി വീടുകളില്‍ എത്തിച്ചു വില്‍ക്കുന്ന മത്സ്യത്തൊഴിലാളിസ്ത്രീകളുടെ കഷ്ടപ്പാടിന് അറുതി വരുത്തുന്നതിനായി മത്സ്യ ബൂത്തുകള്‍ തുടങ്ങും. ജില്ലയില്‍ കേശവദാസപുരത്തും മണക്കാടും ഉടന്‍ ഇത്തരം ബൂത്തുകള്‍ ആരംഭിക്കും.
മത്സ്യം ശീതികരിച്ചും ഉണക്കിയും സൂക്ഷിക്കുന്നതിനുമുള്ള സംവിധാനം ഇത്തരം ബൂത്തുകളില്‍ ഉണ്ടാവും. മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് അംഗങ്ങള്‍ക്ക് ക്ഷേമനിധി വിഹിതം തിരികെ നല്‍കുന്നതിന് തീരുമാനമായെന്നും 1986 മുതലുള്ള വിഹിത വിതരണത്തിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ ജില്ലയിലെ 194 മത്സ്യത്തൊഴിലാളികള്‍ക്ക് വിവിധ ക്ഷേമപദ്ധതികളുടെ ധനസഹായമായി 1747699 രൂപ വിതരണം ചെയ്തു. യോഗത്തില്‍ എം വിന്‍സെന്റ് എം എല്‍ എ, മത്സ്യബോര്‍ഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."