മാണി ബന്ധം ഉപേക്ഷിക്കണമെന്നത് കോണ്‍ഗ്രസിലെ രണ്ടാംനിര നേതാക്കളുടെ വികാരം
കോട്ടയം: കെ.എം മാണിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നത് കോണ്‍ഗ്രസിലെ രണ്ടാംനിര നേതാക്കളുടെ വികാരം. നാലു പതിറ്റാണ്ടിലധികംനീണ്ട കേരളാ കോണ്‍ഗ്രസ് മൂലം അവസരം നഷ്ടപ്പെട്ടത് ജില്ലയിലെ നൂറുകണക്കിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്.
സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള നേതാക്കള്‍ക്കുപോലും കോട്ടയം ജില്ലയില്‍ ഒതുങ്ങേണ്ടിവന്നു. അവസരനിഷേധം തുടര്‍ക്കഥയായപ്പോള്‍ പലര്‍ക്കും സജീവ രാഷ്ട്രീയപ്രവര്‍ത്തനംതന്നെ ഉപേക്ഷിക്കേണ്ടിവന്നു. മറ്റുള്ളവര്‍ക്ക് ഡി.സി.സി ഭാരവാഹിത്വം വരെയുള്ള പദവികളില്‍ സംതൃപ്തിയടയേണ്ടിവന്നു.
ഡി.സി.സിയുടെ ജമ്പോ കമ്മിറ്റികളില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ അവരുടെ രാഷ്ട്രീയജീവിതം കഴിച്ചുകൂട്ടുകയായിരുന്നു. വളരുന്ന നേതാക്കളില്‍ ഒതുക്കേണ്ടവരെ ഒതുക്കാനും ചിലരെ വളര്‍ത്താനും ജില്ലയില്‍ സ്വാധീനമുള്ള മുതിര്‍ന്ന നേതാക്കള്‍ മാണി ബന്ധം മറയാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സീറ്റ് ലഭ്യത മുതല്‍ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ കാര്യത്തില്‍വരെ ചിലരെ ഒതുക്കാന്‍ നേതാക്കള്‍ക്ക് തുറുപ്പുചീട്ടായത് മാണി ബന്ധമാണ്. കോണ്‍ഗ്രസില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുവയ്ക്കണമെങ്കില്‍ കോട്ടയം വിട്ടുപോവണമെന്ന സ്ഥിതിവരെയുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, ആന്റോ ആന്റണി തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.
ജില്ലയില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും കടിഞ്ഞാണില്‍ നിന്ന് പിടിവിടാതിരിക്കാന്‍ ചില നേതാക്കള്‍ മാണിയെയും കേരളാ കോണ്‍ഗ്രസിനെയും വേണ്ടുവോളം ഉപയോഗിച്ചു. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന കോട്ടയം ലോക്‌സഭാ മണ്ഡലം കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനുപിന്നിലും ഇത്തരം നേതാക്കളാണെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."