എസ്.പി പിളര്‍ന്നു; ശിവ്പാലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി
ലഖ്‌നൗ: മാസങ്ങളായി പാര്‍ട്ടിയെ പിടിച്ചുലച്ചുകൊണ്ടിരുന്ന വിഭാഗീയതയ്ക്കും നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനും പിറകെ സമാജ്‌വാദി പാര്‍ട്ടി (എസ്.പി) പിളര്‍ന്നു. പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ ദേശീയ അധ്യക്ഷനാക്കി സഹോദരന്‍ ശിവ്പാല്‍ യാദവാണ് പുതിയ പാര്‍ട്ടിക്ക് രൂപംനല്‍കിയത്. സമാജ്‌വാദി സെക്യുലര്‍ മോര്‍ച്ച(എസ്.എസ്.എം) എന്നാണ് പുതിയ പാര്‍ട്ടിക്ക് പേരു നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി അധ്യക്ഷസ്ഥാനം മുലായത്തിനു കൈമാറണമെന്നും അല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും കഴിഞ്ഞ ദിവസം ശിവ്പാല്‍ യാദവ് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇത് അഖിലേഷ് ചെവികൊണ്ടിരുന്നില്ല. ഇതേതുടര്‍ന്നാണ് പുതിയ പാര്‍ട്ടി ശിവ്പാല്‍ പ്രഖ്യാപിച്ചത്. 1992ല്‍ രൂപീകൃതമായ എസ്.പി ഇതോടെ നിര്‍ണായകമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
ഇട്ടാവയില്‍ അളിയന്‍ അജന്ത് സിങ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശിവ്പാല്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. യഥാര്‍ഥ സമാജ്‌വാദികളെ ഒന്നിപ്പിക്കാനും നേതാജിക്ക് അര്‍ഹമായ ആദരവു തിരികെ കൊണ്ടുവരാനുമാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചതെന്നും സാമൂഹിക നീതിക്കായാണ് പുതിയ മതേതര പാര്‍ട്ടി പോരാടുകയെന്നും ശിവ്പാല്‍ യാദവ് വ്യക്തമാക്കി. എന്നാല്‍, മുലായം സിങ് യാദവ് പുതിയ നീക്കത്തോട് പ്രതികരിച്ചിട്ടില്ല. 'സൈക്കിള്‍' തന്റെ കൂടെയാണുള്ളതെന്നും പിതാവും ഒപ്പമുണ്ടാകുമെന്നും അഖിലേഷ് പ്രതികരിച്ചു. നിലവില്‍ എസ്.പി എം.എല്‍.എ കൂടിയായ ശിവ്പാല്‍ പാര്‍ട്ടി വിടുന്നതോടെ അയോഗ്യനാകും.
കഴിഞ്ഞ വര്‍ഷം പിതാവിന്റെ മറ്റൊരു സഹോദരനായ രാം ഗോപാല്‍ യാദവുമായി ചേര്‍ന്ന് അഖിലേഷ് പാര്‍ട്ടിയില്‍ അപ്രമാദിത്തമുറപ്പിക്കുകയും പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം സ്വന്തമാക്കുകയും ചെയ്തതോടെയാണ് എസ്.പിയില്‍ വിഭാഗീയത ഉടലെടുത്തത്. രാംഗോപാലിനെ അഖിലേഷ് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയാക്കി. ഇതിനുപിറകെ, കോണ്‍ഗ്രസുമായി സഖ്യംചേര്‍ന്ന് അഖിലേഷ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ക്ഷുഭിതനായ മുലായം സിങ് ആദ്യം പ്രതിഷേധം അറിയിക്കുകയും തൊട്ടുപിറകെ അഖിലേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍, ഭൂരിഭാഗം പാര്‍ട്ടി നേതാക്കളുടെ പിന്തുണ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പില്‍ സൈക്കിള്‍ ചിഹ്നത്തിനായി രാംഗോപാലിന്റെ നേതൃത്വത്തിലുള്ള അഖിലേഷ് പക്ഷം തെര. കമ്മിഷനെ സമീപിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരുപക്ഷവും അനുനയത്തിലാകുകയും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."