ഏതെങ്കിലും കേസില്‍ വധശിക്ഷ നല്‍കേണ്ടതുണ്ടെങ്കില്‍ അത് ഇതാണ്: സുപ്രിംകോടതി
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടക്കൊലക്കേസ് പ്രതികള്‍ക്കു തൂക്കുകയര്‍ വിധിച്ചു സുപ്രിംകോടതി പുറപ്പെടുവിച്ച 400ലേറെ പേജ് വരുന്ന വിധിന്യായത്തില്‍ മൂന്നംഗബെഞ്ചിലെ ജഡ്ജിമാര്‍ ഉപയോഗിച്ചത് ശക്തമായ വാക്കുകള്‍.
ഞെട്ടലിന്റെ സുനാമിയെന്നാണ് ബെഞ്ചിന്റെ തലവന്‍ ദീപക് മിശ്ര സംഭവത്തെ വിശേഷിപ്പിച്ചത്. മനുഷ്യത്വം മരവിച്ച ഒരുലോകത്ത് നടന്ന കഥപോലെയാണ് ഈ കൃത്യം തോന്നിപ്പിക്കുന്നതെന്നും ദീപക് മിശ്ര പറഞ്ഞു.
ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ആര്‍. ഭാനുമതി കാര്യപ്രസക്തമായ നിരവധി നിരീക്ഷണങ്ങളും നടത്തി. സമൂഹമനസാക്ഷിയെ നടുക്കിയ സംഭവമാണിതെന്നു ഭാനുമതി അഭിപ്രായപ്പെട്ടു.
സ്ത്രീകളോടുള്ള ബഹുമാനം കുറഞ്ഞുവന്നതായും അതുമൂലം കുറ്റകൃത്യനിരക്കു കൂടിയതായും നാഷണല്‍ ക്രൈംറെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് ഉദ്ധരിച്ച് അവര്‍ ചൂണ്ടിക്കാട്ടി. ലിംഗസമത്വം കടലാസില്‍ മാത്രം ഉണ്ടായാല്‍ പോരാ. ഒരുപരിഷ്‌കൃത സമൂഹത്തില്‍ ലിംഗസമത്വം സംബന്ധിച്ചും സ്ത്രീകളോടുള്ള മാന്യമായ പെരുമാറ്റം സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തണം. കുട്ടിക്കാലം മുതല്‍ക്കു തന്നെ സ്ത്രീകളെ ആദരിക്കാന്‍ പഠിപ്പിക്കണം. ലിംഗസമത്വം സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം അനിവാര്യമാണ്. ഈ പ്രതികള്‍ കൊടും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ ഓടുന്ന ബസില്‍ അവര്‍ ഒരു പെണ്‍കുട്ടിയോട് കാണിച്ചത് വിവരണാതീതമായ ക്രൂരതയാണ്.
പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്തേക്കു ഇരുമ്പുദണ്ഡ് അടിച്ചുകയറ്റിയ അവര്‍ ഡല്‍ഹിയില്‍ ഡിസംബറിലെ കൊടുംതണുപ്പില്‍ വിവസ്ത്രയായി അവരെ റോഡിലേക്കു തള്ളിവിടുകയാണ് ചെയ്തത്. ഇങ്ങിനെചെയ്തവര്‍ ശിക്ഷിക്കപ്പെടണം.
അതിനാല്‍ ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന പരിധിയില്‍ വരുന്നതാണ്. പെണ്‍കുട്ടിയെ കൂട്ടംചേര്‍ന്നു പീഡിപ്പിച്ച ശേഷം സ്വകാര്യഭാഗത്തേക്കു ഇരുമ്പുദണ്ഡ് കയറ്റി മൃതപ്രായമാക്കിയതു പോലുള്ള കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം അല്ലെങ്കില്‍ പിന്നെ ഈ വിഭാഗത്തില്‍പ്പെടുന്ന കേസ് ഏതാണ്? ഏതെങ്കിലും ഒരുകേസില്‍ വധശിക്ഷനല്‍കേണ്ടതുണ്ടെങ്കില്‍ അത് ഇതാണെന്നും ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."