രാഷ്ട്രീയക്കാരും നാട്ടുകാരും എതിര്‍ത്തു, മൊഡ്യൂള്‍ കണ്ടെയ്‌നര്‍ ചെക്‌പോസ്റ്റ് മാറ്റാനായില്ല
നെടുങ്കണ്ടം: കമ്പംമെട്ടില്‍ എക്‌സൈസ് സ്ഥാപിച്ച മൊഡ്യൂള്‍ കണ്ടെയ്‌നര്‍ ചെക്‌പോസ്റ്റ് സമീപത്തെ സെയില്‍സ് ടാക്‌സ് ഓഫിസിനു മുന്നിലേക്ക് നീക്കാനുള്ള ശ്രമം നടന്നില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്നാണിത്. ജില്ല കലക്ടര്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് കമ്പംമെട്ടില്‍ സ്ഥാപിച്ച മൊഡ്യൂള്‍ കണ്ടെയ്‌നര്‍ ചെക്‌പോസ്റ്റ് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചെക്‌പോസ്റ്റ് നീക്കാന്‍ എക്‌സൈസ് വിഭാഗം നീക്കം നടത്തിയത്. എതിര്‍പ്പുണ്ടായതോടെ ബോഡിമെട്ട് എക്‌സൈസ് ചെക്‌പോസറ്റിനു സമീപം സ്ഥാപിക്കാന്‍ തീരുമാനമെടുത്തു. രാത്രി വൈകിയും ചെക്‌പോസ്റ്റ് സ്ഥലത്ത് നിന്ന് നീക്കം ചെയ്യാന്‍ എക്‌സൈസ് - പൊലിസ് വിഭാഗങ്ങള്‍ ശ്രമം നടത്തി വരികയാണ്. കട്ടപ്പന ഡിവൈഎസ്പി എന്‍.സി രാജ്‌മോഹന്‍, നെടുങ്കണ്ടം സിഐ റെജി എം കുന്നിപ്പറമ്പന്‍, എസ്‌ഐ മാരായ പി ടി ബിജോയി, ഷനല്‍കുമാര്‍ എന്നിവരടങ്ങിയ സംഘം സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്പംമെട്ട് പൊലിസ് സ്‌റ്റേഷനില്‍ നടത്തിയ ചര്‍ച്ചയിലാണ് ചെക്‌പോസ്റ്റ് ബോഡിമെട്ടിലേക്ക് മാറ്റാമെന്ന ധാരണയിലെത്തിയത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ചെക്‌പോസ്റ്റ് സ്ഥാപിച്ചത്. എന്നാല്‍ തമിഴ്‌നാട് വനംവകുപ്പ് ചെക്‌പോസ്റ്റ് സ്ഥാപിച്ചതിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തി കമ്പംമെട്ട് നിരന്തര സംഘര്‍ഷത്തിനു വേദിയാക്കിമാറ്റി. പ്രശ്‌നം പരിഹരിക്കാന്‍ നിരവധി തവണ ജില്ലാ ഭരണകൂടം ശ്രമം നടത്തിയെങ്കിലും തമിഴ്‌നാട് ചര്‍ച്ചയ്ക്ക് എത്തിയില്ല. ഇതിനിടെ ഉത്തമപാളയം ഡിവൈഎസ്പിയുടെ നേൃത്വത്തിലുള്ള സംഘം കേരളത്തിന്റെ ഭൂമിയില്‍ കടന്നുകയറി അതിര്‍ത്തിയില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ നിക്കം ചെയ്‌തോടെ കമ്പംമെട്ട് ചെക്‌പോസ്റ്റ് സംഘര്‍ഷ കേന്ദ്രമായി മാറി. വിഷയം പരിഹരിക്കാന്‍ രണ്ടുതവണ മന്ത്രി എം എം മണി സ്ഥലം സന്ദര്‍ശിച്ചിരുന്നു. ചെക്‌പോസ്റ്റ് സ്ഥലത്ത് നിന്നും നീക്കം ചെയ്യരുതെന്ന് മന്ത്രി നിര്‍ദേശം നല്‍കിയാണ് മടങ്ങിയത്. കഴിഞ്ഞദിവസം ജില്ല കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചെക്‌പോസ്റ്റ് മാറ്റണമെന്ന് കലകടര്‍ ജില്ലാ എക്‌സൈസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."