മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ്: ചര്‍ച്ച പരാജയം
തൊടുപുഴ: മുനിസിപ്പല്‍ ബസ്‌സ്റ്റാന്റില്‍ കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് സ്ഥാപിക്കുന്നതിനെതിരായ സ്വകാര്യബസ് ഉടമകളുടെയും ജീവനക്കാരുടെയും എതിര്‍പ്പ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത ഒത്തുതീര്‍പ്പ് ചര്‍ച്ചയിലും പരിഹരിക്കാനായില്ല. കെഎസ്ആര്‍ടിസിക്ക് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് അനുവദിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന പിടിവാശിയില്‍ സ്വകാര്യബസ് ഉടമകളുടെയും ജീവനക്കാരുടെയും പ്രതിനിധികള്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. സ്വകാര്യബസ് ഉടമകളുടെ നിലപാടിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
പൊതുജനങ്ങളുടെ സൗകര്യാര്‍ഥമാണ് തൊടുപുഴ നഗരസഭ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടിസിക്ക് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് അനുവദിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തത്. എന്നാല്‍, ഇതിനു പിന്നാലെ തൊടുന്യായവാദങ്ങള്‍ ഉയര്‍ത്തി സ്വകാര്യബസ് ഉടമകള്‍ സമരവുമായി രംഗത്ത് വരികയായിരുന്നു. ബസ്‌സ്റ്റാന്റ് ബഹിഷ്‌കരണം അടക്കമുള്ള സമരമുറകളിലൂടെ നഗരസഭാ അധികാരികളെ വരുതിയില്‍ നിര്‍ത്താനായിരുന്നു നീക്കം.
ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനാണ് നഗരസഭാ അധികൃതര്‍ ശ്രമിച്ചത്. ഇതിനായി സ്വകാര്യബസ് ഉടമകളുടെയും ജീവനക്കാരുടെയും യൂണിയന്‍ പ്രതിനിധികള്‍, കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെയും ട്രേഡ് യൂണിയനുകളുടെയും ഭാരവാഹികള്‍ തുടങ്ങിയവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ ചെയര്‍മാന്‍ എ. എം ഹാരിദ്, കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ പരിധിയിലെ കൗണ്‍സിലര്‍ രേണുക രാജശേഖരന്‍ തുടങ്ങിയവരും പങ്കെടുത്തു.
ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വകാര്യബസ് ഉടമകളുടെ ഭാഗത്ത് നിന്നുണ്ടായത്. കെഎസ്ആര്‍ടിസി ബസുകള്‍ സ്വകാര്യ ബസുകളുടെ വരുമാനം തട്ടിയെടുക്കുമെന്നതായിരുന്നു ഒരു വാദം.
ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന അന്വേഷണ കൗണ്ടര്‍ മാതൃകയിലാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.
മുനിസിപ്പല്‍ ബസ്‌സ്റ്റാന്റില്‍ എത്തുന്ന ദീര്‍ഘദൂരയാത്രക്കാര്‍ക്ക് നിലവില്‍ കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമം അറിയാന്‍ മാര്‍ഗമില്ല. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
ചര്‍ച്ച പരാജയപ്പെട്ടതോടെ, വിഷയം പ്രത്യേക കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടി വരുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
സ്വകാര്യബസ് ഉടമകളും ജീവനക്കാരും അവരുടെ അഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ പങ്കുവെച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി മാനേജുമെന്റിനോട് അവരുടെ അഭിപ്രായങ്ങള്‍ എഴുതി സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."