എല്‍.എസ്.ഡി മയക്കുമരുന്നുകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കാക്കനാട്: ഉഗ്രലഹരിയുള്ള എല്‍.എസ്.ഡി (ലൈസര്‍ജിക് ഡൈ ഈതൈല്‍ അമൈഡ്) മയക്ക് മരുന്നുകളുമായി വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ പൊലിസ് പിടിയില്‍. ആലപ്പുഴ കാവാലം മുരിക്കുംമൂട്ടില്‍ ജോ ആന്റണി ജോസ് (25), സി.എ വിദ്യാര്‍ഥി കാഞ്ഞിരപ്പിള്ളി പാറക്കല്‍ വീട്ടില്‍ ക്രസ്റ്റി(24) എന്നിവരാണ് അറസ്റ്റിലായത്. യുവാക്കളില്‍ നിന്ന് എല്‍.എസ്.ഡി മയക്ക് മരുന്നില്‍പ്പെട്ട 104 പഞ്ചസാരക്കട്ടകള്‍ പൊലിസ് പിടിച്ചെടുത്തു.
തൃക്കാക്കര അസി.പൊലിസ് കമ്മിഷണര്‍ എം.ബിനോയ്, ആന്റി നര്‍ക്കോട്ടിക് അസി.കമ്മിഷണര്‍ അബ്ദുല്‍ സലാം, തൃക്കാക്കര എസ്.ഐ എ.എന്‍.ഷാജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ആന്റി നര്‍ക്കോട്ടിക് അസി.കമ്മിഷണര്‍ക്ക് നല്‍കിയ സന്ദേശത്തെത്തുടര്‍ന്ന് തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജിന് സമീപം നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റില്‍ നിന്നാണ് യുവാക്കള്‍ പിടിയിലായത്.
ഡി.ജെ പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന എല്‍.എസ്.ഡികള്‍ പുതുതലമുറക്കാരുടെ ഇഷ്ടമയക്കുമരുന്നാണ്. 2.580 തൂക്കംവരുന്ന 104 ക്യൂബുകള്‍ ഗോവയില്‍ നിന്ന് കൊണ്ട് വന്നതെന്ന് പ്രതികള്‍ പൊലിസിനോട് പറഞ്ഞു. പിടികൂടിയ മയക്ക് മരുന്നുകള്‍ക്ക് ഗോവയില്‍ 4.68 ലക്ഷം രൂപ വിലമതിക്കും.
അറസ്റ്റിലായ യുവാക്കളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. എല്‍.എസ്.ഡി. ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് വില്‍പ്പനക്കാരെയും ഉപയോക്താക്കളെയും സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്ന് സിറ്റി പൊലിസ് കമീഷണര്‍ എംപി.ദിനേശ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."