ജനസേവയില്‍നിന്നു കൊണ്ടുപോയ മറ്റൊരു കുട്ടിയും ലൈംഗിക പീഡനത്തിന് ഇരയായി
ആലുവ: ശിശുക്ഷേമ സമിതി ഉത്തരവിനേ തുടര്‍ന്ന് രക്ഷിതാക്കളെന്ന് പറഞ്ഞെത്തുന്നവര്‍ക്ക് വിട്ടുകൊടുക്കുന്ന കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുന്നു. ജനസേവ ശിശുഭവനില്‍നിന്നും സ്‌കൂള്‍ അവധിക്ക് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ആറാംക്ലാസ്സ് വിദ്യാര്‍ഥിനിക്കാണ് അമ്മയില്‍ നിന്ന് ക്രൂരമായ മര്‍ദനവും അമ്മയുടെ കാമുകനില്‍നിന്ന് ലൈംഗിക പീഡനവും ഏല്‍ക്കേണ്ടിവന്നത്.
ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ കൊല്ലം കല്ലമ്പലം സ്വദേശിനിയായ യുവതി കഴിഞ്ഞ മാസമാണ് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം ജനസേവയില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. മെയ് നാലിന് ജനസേവയില്‍ തിരിച്ചെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് കുട്ടിയുടെ കാലില്‍ അമ്മ അടിച്ചതിന്റെ പാടുകള്‍ കാണിയ്ക്കുകയും ലൈംഗിക പീഡനത്തിന് ഇരയായ വിവരവും പുറത്തുപറഞ്ഞത്. കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജനസേവ അധികൃതര്‍ ഉടന്‍തന്നെ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
2012 സെപ്തംബര്‍ 28നാണ് ഏഴ് വയസ് പ്രായമുള്ള കുട്ടിയുടേയും രണ്ട് സഹോദരങ്ങളുടേയും സംരക്ഷണം ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം ജനസേവ ശിശുഭവന്‍ ഏറ്റെടുത്തത്. സംരക്ഷണ സ്ഥാപനങ്ങളില്‍ നല്ലരീതിയില്‍ കഴിയുന്ന കുട്ടികളെ വഴിവിട്ട ജീവിതം നയിക്കുന്ന രക്ഷിതാക്കളെന്ന് പറഞ്ഞെത്തുന്നവരുടെകൂടെ യാതൊരു അന്വേഷണവും കൂടാതെ പറഞ്ഞുവിടുകയും അവരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്ന ശിശുക്ഷേമ സമിതിയുടെ ഉത്തരവുകള്‍ക്കെതിരേ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കുമെന്ന് ജനസേവ ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."