ജയം 'കേരളത്തിന്'; മൂന്നാം ടെസ്റ്റിലെ മാച്ച് ഫീ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സമര്‍പ്പിച്ചതിനു പിന്നാലെ താരങ്ങളുടെ മാച്ച് ഫീസും കേരളത്തിന് നല്‍കി ഇന്ത്യന്‍ ടീം.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കായിക ലോകത്തു നിന്നും മികച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യൂറോപ്പിലെ പല വമ്പന്‍ ഫുട്‌ബോള്‍ ക്ലബുകളും കേരളത്തിന് സഹായം അഭ്യര്‍ഥിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പുറമേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സഹായം.
പോസ്റ്റ് മാച്ച് പ്രസന്റേഷനിലാണ് ഇന്ത്യന്‍ വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിക്കുന്നതായി നായകന്‍ കോഹ്‌ലി അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ടീം തങ്ങളുടെ മാച്ച് ഫീസ് പൂര്‍ണമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് എ.ബി.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റില്‍ 15 ലക്ഷത്തോളം രൂപയാണ് ഒരു താരത്തിന്റെ മാച്ച് ഫീ. ഇതോടെ ഇന്ത്യന്‍ ടീം വക കേരളത്തിന് 2 കോടി രൂപയോളം ലഭിക്കും.
മത്സരത്തില്‍ 203 റണ്‍സിനാണ് ഇന്ത്യന്‍ ടീമിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 521 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം 317 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശില്‍പി.
അഞ്ചാം ദിനം കളിയാരംഭിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 311 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. 11 റണ്‍സെടുത്ത ആന്‍ഡേഴ്‌സണെ രഹാനെയുടെ കൈകളിലെത്തിച്ച് അശ്വിന്‍ ഇന്ത്യക്ക് വിജയമൊരുക്കുകയായിരുന്നു.
സെഞ്ച്വറി നേടിയ ജോസ് ബട്‌ലറും അര്‍ധ സെഞ്ച്വറി നേടിയ ബെന്‍ സ്റ്റോക്‌സും തീര്‍ത്ത മികച്ച കൂട്ടുകെട്ടാണ് തുടക്കം പതറിയ ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
176 പന്തില്‍ നിന്ന് 106 റണ്‍സെടുത്ത ബട്‌ലറെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത ബോളില്‍ തന്നെ ജോണി ബെയര്‍സ്റ്റോവിനെയും ബുംറ മടക്കിയതോടെ കളി ഇന്ത്യന്‍ വരുതിയിലായി. 187 പന്തില്‍ നിന്ന് 62 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സിനെ ഹര്‍ദിക് പാണ്ഡ്യയും പുറത്താക്കി. ഇഷാന്ത് ശര്‍മ രണ്ടും മുഹമ്മദ് ഷമി, പാണ്ഡ്യ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും ഇന്ത്യക്കായി വീഴ്ത്തി.
ഒന്നാം ഇന്നിങ്‌സില്‍ 168 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റിനു 352 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 97 ഉം രണ്ടാം ഇന്നിങ്‌സില്‍ 103 ഉം റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് മത്സരത്തിലെ താരം. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് ഇംഗ്ലണ്ട് തന്നെയാണ് മുന്‍പില്‍.
ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കോഹ്‌ലി
രണ്ടാം ടെസ്റ്റിനു ശേഷം നഷ്ടപ്പെട്ട ടെസ്റ്റ് ബാറ്റിങ് റാങ്കിലെ ഒന്നാം സ്ഥാനം വിരാട് കോഹ്‌ലി തിരിച്ചു പിടിച്ചു. ലോര്‍ഡ്‌സില്‍ 23, 17 എന്നീ സ്‌കോറുകള്‍ കാരണം തന്റെ ഒന്നാം റാങ്ക് സ്റ്റീവ് സ്മിത്തിനു അടിയറവുവച്ച കോഹ്‌ലി ട്രെന്റ് ബ്രിഡ്ജില്‍ 97, 103 എന്നീ സ്‌കോറുകളുമായി ഫോമിലേക്കുയര്‍ന്ന് വീണ്ടും ഒന്നാം റാങ്ക് തിരിച്ചെടുക്കുകയായിരുന്നു. 937 റേറ്റിങ് പോയിന്റാണ് കോഹ്‌ലിയ്ക്കുള്ളത്.
കോഹ്‌ലിയുടെ കരിയറിലെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റാണ് ഇത്. 961 പോയിന്റ് നേടിയ ഡോണ്‍ ബ്രാഡ്മാന്‍ ആണ് ഇതുവരെ നേടിയ ഏറ്റവും മികച്ച റേറ്റിങ് നേടിയ താരം.
വിജയ് പുറത്ത്; പകരം പൃഥി ഷാ
അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം. യുവ താരം പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവരെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കായുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുരളി വിജയ്, കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭുവനേശ്വര്‍ കുമാറിനെ ഇതുവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. പരുക്ക് പൂര്‍ണ്ണമായും ഭേദമാകാത്തതാണ് കാരണം. സൗത്താംപ്ടണ്‍, ഓവല്‍ എന്നിവിടങ്ങളിലാണ് ഇനിയുള്ള മത്സരങ്ങള്‍ അരങ്ങേറുക. ലോര്‍ഡ്‌സില്‍ നിന്ന് മുരളി വിജയിനെയും കുല്‍ദീപ് യാദവിനെയും ഇന്ത്യ ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."