ഇംപീച്ച് ചെയ്തുനോക്കൂ, വിവരമറിയും
വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റ് അഭ്യൂഹങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്നെ ഇംപീച്ച് ചെയ്താല്‍ അമേരിക്കന്‍ സമ്പദ്ഘടന തന്നെ തകര്‍ന്നടിയുമെന്നും എല്ലാവരും പാപ്പരായിപ്പോകുമെന്നും ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസിന്റെ 'ഫോക്‌സ് ആന്‍ഡ് ഫ്രന്‍ഡ്‌സ് ' അഭിമുഖ പരിപാടിയിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്റെയും മുന്‍ സഹായി മൈക്കല്‍ കപ്യൂട്ടോയുടെയും പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. നന്നായി പ്രവര്‍ത്തിക്കുന്ന ഒരാളെ നിങ്ങള്‍ക്കെങ്ങനെ ഇംപീച്ച് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് അറിയില്ല. ഒരു കാര്യം പറയാം. ഞാന്‍ ഇംപീച്ച് ചെയ്യപ്പെട്ടാല്‍ അമേരിക്കന്‍ സാമ്പത്തികരംഗം തകര്‍ന്നടിയും. രാജ്യത്തെ മുഴുവന്‍ പൗരന്മാരും ദരിദ്രരായിത്തീരുകയും ചെയ്യും.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ട്രംപുമായി അവിഹിതബന്ധമുണ്ടായിരുന്ന രണ്ടു സ്ത്രീകളെ പുറത്തുപറയാതിരിക്കാന്‍ പണം നല്‍കി സ്വാധീനിച്ചിരുന്നതായി കഴിഞ്ഞ ദിവസം മൈക്കല്‍ കോഹന്‍ കുറ്റസമ്മതം നടത്തിയിരുന്നു. ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ഇതു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പ്ലേബോയ് മോഡല്‍ കാരന്‍ മക്‌ഡോഗല്‍, നീലച്ചിത്ര നടി സ്റ്റോമി ഡാനിയല്‍സ് എന്നിവരെയാണു സ്വാധീനിച്ചത്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് നികുതി വെട്ടിപ്പ്, തെരഞ്ഞെടുപ്പ് സാമ്പത്തിക ക്രമക്കേട്, ബാങ്കില്‍ വ്യാജരേഖ നല്‍കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങളും കോഹന്‍ മാന്‍ഹാട്ടന്‍ കോടതിയില്‍ ഏറ്റുപറഞ്ഞു.
പുതിയ വെളിപ്പെടുത്തലുകള്‍ ട്രംപിനെതിരേയുള്ള ഇംപീച്ച്‌മെന്റ് നീക്കത്തിനു മതിയായ പിന്‍ബലം നല്‍കുന്നതാണെന്നാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കാംപയിന്‍ സഹായി കൂടിയായിരുന്ന മൈക്കല്‍ കപ്യൂട്ടോ പ്രതികരിച്ചത്. നവംബര്‍ ആറിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ സെനറ്റിലും പ്രതിനിധിസഭയിലും ഡെമോക്രോറ്റുകള്‍ക്കു വിജയം നേടാനായാല്‍ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തിനു സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."