വീണ്ടും വാണിജ്യയുദ്ധം: ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക വീണ്ടും തീരുവ ചുമത്തി; തിരിച്ചടിയുമായി ചൈനയും
വാഷിങ്ടണ്‍: ചൈനക്കെതിരേ വാണിജ്യയുദ്ധത്തിന് കോപ്പുകൂട്ടി വീണ്ടും അമേരിക്ക. കൂടുതല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം തീരുവ കൂട്ടി.
16 ബില്യന്‍ യു.എസ് ഡോളര്‍(ഏകദേശം ഒരു ലക്ഷം കോടി രൂപ) വിലമതിക്കുന്ന ചരക്കുകള്‍ക്കാണ് 25 ശതമാനം തീരുവ വര്‍ധിപ്പിച്ചത്. തുല്യ മൂല്യത്തിലുള്ള യു.എസ് ഉല്‍പന്നങ്ങള്‍ക്കു തീരുവ വര്‍ധിപ്പിച്ച് ചൈന തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ട്.
279 ഉല്‍പന്നങ്ങളെ ബാധിക്കുന്നതാണ് അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ തീരുവ. കുട്ടികളുടെ തൊട്ടില്‍ മുതല്‍ സൈക്കിള്‍, ആന്റിന, മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍, പ്ലാസ്റ്റിക്-രാസ ഉല്‍പന്നങ്ങള്‍, റെയില്‍വേ ഉപകരണങ്ങള്‍, ഹാന്‍ഡ് ബാഗ്, ഫ്രിഡ്ജ് അടക്കം ഇതില്‍ ഉള്‍പ്പെടും. എന്നാല്‍, കല്‍ക്കരി, പിച്ചള ആക്രി സാധനങ്ങള്‍, ഇന്ധനം, ബസ്, മെഡിക്കല്‍ ഉപകരണം തുടങ്ങി 333 യു.എസ് ഉല്‍പന്നങ്ങള്‍ക്കാണ് ചൈന പുതുതായി തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്. മുന്‍പ് സ്റ്റീല്‍, സോയാബീന്‍, പഴവര്‍ഗങ്ങള്‍, മോട്ടോര്‍ ബൈക്ക്, പന്നി ഉല്‍പന്നങ്ങള്‍ എന്നിവക്കാണ് ഇരുരാജ്യങ്ങളും തീരുവ വര്‍ധിപ്പിച്ചിരുന്നത്.
യു.എസ് വ്യാവസായിക-വാണിജ്യ രംഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു പുതിയ നീക്കമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. തീരുവ നടപ്പാക്കുന്നതിനു മുന്‍പ് നിരവധി യു.എസ് കമ്പനികളെ യു.എസ് ട്രേഡ് റെപ്രസന്റേറ്റിവ് ഓഫിസില്‍ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നതായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, രണ്ടു സാമ്പത്തിക ശക്തികള്‍ക്കിടയില്‍ അമേരിക്ക ഏകപക്ഷീയമായി സംഘര്‍ഷം ശക്തിപ്പെടുത്തുകയാണെന്ന് ചൈന പ്രതികരിച്ചു.
മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ അടക്കമുള്ള ദക്ഷിണ-കിഴക്കനേഷ്യന്‍ രാജ്യങ്ങളെ കൂടി ബാധിക്കുന്നതാണ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേലുള്ള പുതുക്കിയ തീരുവ.
കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ച വാണിജ്യ തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കുന്നതാണു പുതിയ നടപടി. ചൈനയിലേക്കുള്ള അമേരിക്കന്‍ ഇറക്കുമതിയെക്കാള്‍ കൂടുതല്‍ അമേരിക്കയിലേക്ക് ചൈനീസ് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ചൈന അമേരിക്കന്‍ സമ്പദ്ഘടനയെ ബലാത്സംഗം ചെയ്യുകയാണെന്ന് 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് ആരോപിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി യു.എസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ചൈനീസ് വ്യാപാര നയങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ തന്നെ ചെറിയ തോതില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചു തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."