റാഫേല്‍ ഇടപാട്: കോണ്‍ഗ്രസിനെതിരേ റിലയന്‍സ് ഗ്രൂപ്പ്
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരായ ഏറ്റവും വലിയ ആയുധമായി റാഫേല്‍ ഇടപാട് ഉയര്‍ത്തിക്കാട്ടാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നതിനിടെ പാര്‍ട്ടി നേതാക്കള്‍ക്ക് റിലയന്‍സ് ഗ്രൂപ്പിന്റെ വക്കീല്‍ നോട്ടിസ്. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് റാഫേല്‍ ഇടപാടിലൂടെ അനര്‍ഹമായ ആനുകൂല്യങ്ങള്‍ സമ്പാദിച്ചെന്ന രീതിയിലാണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിച്ചത്. വാസ്തവ വിരുദ്ധമായ ആരോപണം ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചത്. ക്രമക്കേട് നടന്നു എന്നതിനുള്ള തെളിവാണ് നോട്ടിസെന്നും സത്യം പറയുന്നതില്‍നിന്ന് ഭയന്നു പിന്‍വാങ്ങില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
രണ്‍ദീപ് സിങ് സുര്‍ജെവാല, പവന്‍ ഖേര, പ്രിയങ്ക ചതുര്‍വേദി, ശക്തി സിന്‍ഹ ഗൊഹില്‍, അര്‍ജുന്‍ മോധ്‌വാദിയ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് നോട്ടിസ് ലഭിച്ചത്. റാഫേല്‍ ഇടപാട് ഉയര്‍ത്തിക്കാട്ടി ഒരുമാസത്തെ പ്രക്ഷോഭ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങുമ്പോഴാണ് റിലയന്‍സ് രംഗത്തെത്തിയത്.ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെ രാജ്യത്തെ 90 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ റാഫേല്‍ അഴിമതി വ്യക്തമാക്കി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമെന്ന് ശക്തി സിന്‍ഹ ഗൊഹില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."