കേരളത്തിലെ പ്രകൃതി ദുരന്തത്തിന് പിന്നില്‍ പശ്ചിമഘട്ട മലനിരകളുടെ പങ്ക് വലുതെന്ന് നാസ
ന്യൂഡല്‍ഹി: കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമായ പ്രളയത്തിനു പിന്നില്‍ പശ്ചിമഘട്ട മലനിരകള്‍ വഹിച്ച പങ്ക് വളരെ വലുതെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. കനത്ത മഴ സംബന്ധിച്ച് പുറത്തുവിട്ട വിവരങ്ങളിലാണ് പശ്ചിമഘട്ട മലനിരകളുടെ പങ്ക് നാസ വ്യക്തമാക്കിയിട്ടുള്ളത്. തെക്കുപടിഞ്ഞാറന്‍ കാലാവസ്ഥയുടെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നും അറബിക്കടലില്‍നിന്നും നീങ്ങിയ ഈര്‍പ്പം കലര്‍ന്ന കാറ്റ് പശ്ചിമഘട്ട മലനിരകള്‍ തടുത്തുനിര്‍ത്തിയതാണ് മഴയുടെ തോത് വര്‍ധിക്കാനിടയാക്കിയ പ്രധാനപ്പെട്ട ഘടകമെന്ന് നാസ വ്യക്തമാക്കുന്നു. കടലില്‍നിന്ന് കരയിലേക്ക് അടിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാറ്റില്‍ ജലാംശം കൂടുതലാണ്. ഇതു കൂടുതല്‍ മഴക്ക് കാരണമായി.ഓഗസ്റ്റില്‍ തുടര്‍ച്ചയായുള്ള കനത്ത മഴയുടെ രണ്ടു ബാന്‍ഡുകളാണ് നാസയുടെ ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്. മഴയുടെ ആദ്യ ബാന്‍ഡ് കൂടുതല്‍ വിശാലവും വടക്കന്‍ മേഖല വരെ പരന്നു കിടക്കുന്നതുമാണ്. പടിഞ്ഞാറന്‍ മേഖലയില്‍ ആഴ്ചയില്‍ ശരാശരി 120 മില്ലിമീറ്ററും കിഴക്കന്‍ മേഖലയില്‍ ശരാശരി 350 മില്ലിമീറ്ററുമാണ് സാധാരണ മഴക്കാലത്തിന്റെ ഭാഗമായുള്ള ഈ കാലയളവിലെ മഴക്കണക്ക്.
രണ്ടാമത്തെ ബാന്‍ഡ് കൂടുതല്‍ തീഷ്ണവും പശ്ചിമഘട്ട മലനിരകളുമായും തെക്കുപടിഞ്ഞാറന്‍ മേഖലയുമായും അടുത്ത് ഇടകലര്‍ന്നതുമാണ്. ഇവിടെ തീരങ്ങളിലെ കാലാവസ്ഥ കാറ്റിന് ന്യൂനമര്‍ദവും കൂടുതല്‍ കരുത്ത് പകര്‍ന്നു നല്‍കിയതായി നാസ വ്യക്തമാക്കുന്നു. ഈ ബാന്‍ഡിലെ ഒരാഴ്ച ലഭിച്ച മഴ ശരാശരി 250 മില്ലിമീറ്ററാണ്. ചില മേഖലകളില്‍ ഇത് 400 മില്ലിമീറ്ററും കടന്നു. ഈ ബാന്‍ഡില്‍ പ്രതീക്ഷിച്ച പരമാവധി മഴ 469 മില്ലിമീറ്ററായിരുന്നു.ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും ഈ കണക്കുകൂട്ടലിലാണ് എത്തിയിരുന്നത്. ഓഗസ്റ്റ് ഏഴിനും 14നും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട രണ്ട് ന്യൂനമര്‍ദങ്ങള്‍ അറബിക്കടലില്‍ നിന്ന് കേരളത്തിനു മുകളിലൂടെയുള്ള ജലാംശം നിറഞ്ഞ കാറ്റിന്റെ നീക്കത്തിന്റെ തീവ്രത വര്‍ധിപ്പിച്ചെന്നും ഈ കാറ്റ് പശ്ചിമഘട്ട മലനിരകളുമായി കൂട്ടിമുട്ടിയതോടെയാണ് കനത്ത മഴയിലേക്കു നീങ്ങിയതെന്നുമാണ് നാസയുടെ വിലയിരുത്തല്‍. 219 ശതമാനം അധിക മഴയാണ് ഓഗസ്റ്റ് 16നും 22നും ഇടയില്‍ കേരളത്തിനു ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."