പെരുന്നാള്‍ നിസ്‌കാരത്തിന് ഭജനഹാള്‍ നല്‍കി ക്ഷേത്ര കമ്മിറ്റി
മാള: മാനവമൈത്രിക്ക് മാതൃകയായി എരവത്തൂര്‍ ക്ഷേത്രാങ്കണത്തില്‍ പെരുന്നാള്‍ നിസ്‌കാരം.
പ്രളയത്തില്‍ മുങ്ങിയ കൊച്ചുകടവിലെ പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം സാധിക്കാതെ വന്നപ്പോള്‍ എരവത്തൂര്‍ ക്ഷേത്രാങ്കണത്തില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് സൗകര്യമൊരുക്കിയാണ് ക്ഷേത്ര കമ്മിറ്റി മതസൗഹാര്‍ദത്തിന് മാതൃകയായത്.
കൊച്ചുകടവിലെ മുസ്‌ലിം സഹോദരങ്ങള്‍ക്കു പെരുന്നാള്‍ നിസ്‌കാരത്തിനായി ക്ഷേത്രത്തിലെ ഭജന ഹാളിലാണ് പായ വിരിക്കാനുള്ള സൗകര്യമൊരുക്കിയത്. എരവത്തൂരിലെ പുറപ്പിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രം ട്രസ്റ്റ് ഭജനാലയമായ എസ്.എന്‍.ഡി.പി ഹാളില്‍ വച്ചായിരുന്നു ഈദ് നിസ്‌കാരം നടന്നത്.
ഹാളിനകത്ത് നൂറ് കണക്കിനാളുകളാണ് ഈദ് നിസ്‌കാരത്തിനായി ഒത്തുചേര്‍ന്നത്. ബലിപെരുന്നാളിന്റെ സന്തോഷത്തിലും തങ്ങളുടെ മനസുകള്‍ ദുഖഃസാന്ദ്രമാണെന്നും പ്രളയദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകളും സഹായവുമാണ് ഇനി വേണ്ടതെന്നും ഇമാം ജസീര്‍ ദാരിമി ഈദ് സന്ദേശത്തില്‍ പറഞ്ഞു. മനുഷ്യരായാല്‍ ഇങ്ങനെയാണ് പെരുമാറേണ്ടതെന്നും നമ്മള്‍ എല്ലാവരും ഈശ്വരന്റെ മക്കളാണെന്നും എല്ലാവരിലും ഒരേ രക്തമാണ് ഒഴുകുന്നതെന്നും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും ഇത്തരത്തില്‍ ഒരേമനസോടെ സഹകരിക്കാന്‍ കഴിയണമെന്നും എസ്.എന്‍.ഡി.പി മാള യൂനിയന്‍ പ്രസിഡന്റ് പി.കെ സാബു പറഞ്ഞു.
ഈദ് നിസ്‌കാരത്തിനിടെ പ്രഭാഷണ ഹാളില്‍ എത്തിയ എസ്.എന്‍.ഡി.പി സെക്രട്ടറിയെ ആശ്ലേഷിച്ചാണ് മഹല്ല് ഇമാം സ്വീകരിച്ചത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."