ഫുട്‌ബോള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്; വിദ്യാര്‍ഥിക്ക് പകരം കിട്ടിയത് രണ്ടു ഫുട്‌ബോള്‍
കരുനാഗപ്പള്ളി: പ്രളയദുരിതബാധിതര്‍ക്കായി തന്റെ കുഞ്ഞ് സമ്പാദ്യം മാറ്റിവച്ച വിദ്യാര്‍ഥിക്ക് സമ്മാനങ്ങളും അംഗീകാരവും. കരുനാഗപ്പള്ളിയിലെ ആദിത്യന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ഥിക്കാണ് ഫുട്‌ബോളുകള്‍ സമ്മാനമായി ലഭിച്ചത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകരാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ആദിത്യന്റെ പിതാവ് ഡോ.ആനൂപ് കൃഷണനെ സമീപിച്ചത്.
ഈ അവസരത്തിലാണ് തന്റെ കുടുക്ക ആദിത്യന്‍ ദുരിതബാധിതര്‍ക്കായി നല്‍കിയത്. ഒരു ഫുഡ്‌ബോള്‍ വാങ്ങിക്കണമെന്ന ആഗ്രഹത്തോടെ കരുതിവച്ച പണം ആദിത്യന്‍ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളെ സന്തോഷപൂര്‍വ്വം ഏല്‍പ്പിക്കുകയായിരുന്നു. ഈ സംഭവം ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതുകണ്ട ചില പ്രവാസികളും ഗ്രന്ഥശാല പ്രവര്‍ത്തകരുമാണ് ആദിത്യന്റെ നല്ല മനസിന്റെ സന്തോഷത്തിനായി പുത്തന്‍ ഫുട്‌ബോള്‍ വാങ്ങി നല്‍കിയത്.
ആദിത്യന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍ പുതിയ ഫുട്‌ബോളുകള്‍ ആദിത്യന് കൈമാറി. എന്നാല്‍ തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ് ചെയ്തതെന്ന് ആദിത്യന്‍ പറഞ്ഞു. ദുരിതം അനുഭവിക്കുന്നവര്‍ക്കായി കുഞ്ഞ് സംഭാവനയെങ്കിലും കൈമാറാനായതോടെ മകന്റെ വ്യക്തിത്വ രൂപികരണത്തില്‍ വലിയ മാറ്റമുണ്ടാക്കുന്ന സംഭവമായി അത് മാറിയെന്ന് പിതാവും മാതാവ് അനിതയും പറഞ്ഞു.
തഴവാ മഹാദേവ ദേശായി ഗ്രന്ഥശാലയുടെ സമ്മാനം സെക്രട്ടറി രാജീവ് സമ്മാനിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എം. സുരേഷ് കുമാര്‍, നേതൃസമിതി കണ്‍വീനര്‍ എ. സജീവ്, വി.പി ജയപ്രകാശ് മേനോന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."