എടച്ചേരിയില്‍ നിര്‍മാണത്തിനിടെ ഇരുനില വീട് തകര്‍ന്നു
എടച്ചേരി: നിര്‍മാണത്തിനിടെ ഇരുനില വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. എടച്ചേരി നോര്‍ത്ത് യു.പി സ്കൂളിനു സമീപം താമസിക്കുന്ന പ്രവാസി കുനിയില്‍ മഹ്മൂദിന്റെ ഇരുനില വീടാണ് തകര്‍ന്നത്. ഇന്നലെ മൂന്നിനായിരുന്നു സംഭവം. രണ്ടാം നിലയുടെ മേല്‍ക്കൂരയുടെ വാര്‍പ്പ് നടന്നുകൊണ്ടിരിക്കെയാണ് വീട് തകര്‍ന്നുവീണത്. തലനാരിഴയ്ക്കാണ് തൊഴിലാളികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാന്‍ തൊഴിലാളികള്‍ പോയ സമയത്താണ് വീട് തകര്‍ന്നത് ശ്രദ്ധയില്‍പെട്ടത്.
നേരത്തെ കെട്ടിപ്പൊക്കിയ ചുമരുകള്‍ക്കും വിള്ളല്‍ വീണിട്ടുണ്ട്. രാവിലെ പെയ്ത കനത്ത മഴ മാറിനിന്നതിനു പിന്നാലെയാണ് തൊഴിലാളികള്‍ പണി തുടങ്ങിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പെയ്ത മഴയില്‍ ചുമരുകള്‍ കുതിര്‍ന്ന നിലയിലായിരുന്നു.
കോണ്‍ക്രീറ്റിന്റെ കനം താങ്ങാന്‍ കഴിയാതെ ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ഡിന്റലുകള് തകര്‍ന്നു വീഴുകയുമായിരുന്നു. ഇതോടെ അപകടാവസ്ഥയിലായ ഇരുനില വീടിന്റെ കോണ്‍ക്രീറ്റ് മിശ്രിതം ഉറച്ചുപോകുന്നതിനു മുന്‍പ് നാദാപുരത്തുനിന്ന് വന്ന ഫയര്‍ഫോഴ്സ് വെള്ളം ചീറ്റി ഒഴിവാക്കി.
ചുമരിന്റെ വീഴാറായ കല്ലുകള്‍ ഇളക്കിമാറ്റിയതോടെ മേല്‍ക്കൂരയുടെ വാര്‍പ്പ് പൂര്‍ണമായും തകര്‍ന്നു വീഴുകയായിരുന്നു. നാദാപുരം അഗ്നിശമന വിഭാഗം ഓഫിസര്‍ ബാസിത്തിന്റെ നേതൃത്തില്‍ ഫയര്‍ഫോഴ്സും എടച്ചേരി എസ്.ഐ അശോകന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും നാട്ടുകാര്‍ക്കൊപ്പം അപകടാവസ്ഥ ഒഴിവാക്കാന്‍ രംഗത്തിറങ്ങി. എടച്ചേരി വില്ലേജ് ഓഫിസര്‍ ഗീതയും വില്ലേജ് അസി. സതീശനും സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."