മിഠായിക്ക് പകരം സോപ്പും ബിസ്‌ക്കറ്റും വാങ്ങി സോഹിനും സൂര്യാദേവും
കക്കട്ടില്‍: മിഠായി വാങ്ങാനായി കടയിലേക്ക് പോകുമ്പോഴാണ് സോഹിനും സൂര്യാദേവും സാമൂഹ്യവിഹാര കേന്ദ്രം ഗ്രന്ഥശാലയില്‍ വിഭവങ്ങള്‍ സമാഹരിക്കുന്നത് കണ്ടത്. മറുത്തൊന്ന് ആലോചിക്കാതെ മിഠായിക്കട വിട്ട് മറ്റൊരു കടയിലേക്ക്... സോപ്പും സോപ്പുപൊടിയും ബിസ്‌ക്കറ്റും വാങ്ങി ഗ്രന്ഥശാലയിലേക്ക് മടങ്ങി. പ്രളയബാധിതരെ സഹായിക്കുന്നതില്‍ അവരും പങ്കുചേര്‍ന്നു. നരിപ്പറ്റ നോര്‍ത്ത് എല്‍.പി സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് സൂര്യാദേവ്. ദേവര്‍കോവില്‍ വെസ്റ്റ് എല്‍.പി സ്‌കൂളില്‍ രണ്ടാംക്ലാസിലാണ് സോഹിന്‍. ഇരുവരെയും ഗ്രന്ഥശാലാ ഭാരവാഹികള്‍ അഭിനന്ദിച്ചു.
സാമൂഹ്യവിഹാര കേന്ദ്രം ഗ്രന്ഥശാല നടത്തിയ വിഭവസമാഹരണത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. അരി, നിത്യോപയോഗ സാധനങ്ങള്‍, കുപ്പിവെള്ളം, പുതപ്പ്, വസ്ത്രങ്ങള്‍ തുടങ്ങിയവയുമായി കൊച്ചുകുട്ടികളടക്കം നിരവധിപേര്‍ ഗ്രന്ഥശാലയിലെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പണമടക്കാനുള്ള സേവനവും ഗ്രന്ഥശാലയില്‍ ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."