മാത്തൂര്‍ കോളനിക്കാര്‍ക്ക് നടുനിവര്‍ത്തണമെങ്കില്‍ ഇനിയും വിയര്‍പ്പൊഴുക്കണം
പനമരം: മാത്തൂര്‍ കോളനിക്കാര്‍ മഴക്കെടുതി ദുരിതം തീര്‍ക്കാന്‍ ഇനിയും ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. അത്രക്കും ചെളിയും മാലിന്യങ്ങളുമാണ് പ്രളയം വീടുകളിലെത്തിച്ചിരിക്കുന്നത്. വീടുകള്‍ താമസ യോഗ്യമാക്കണമെങ്കില്‍ ഇവ നീക്കം ചെയ്ത് വൃത്തിയാക്കാന്‍ ഇനിയും സമയമെടുക്കും.
കബനിയുടെ ഓരത്തായുള്ള കോളനിയില്‍ 20 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിന് മുന്‍പത്തെ കാലവര്‍ഷങ്ങളില്‍ ഒന്നോ, രണ്ടോ ദിവസങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് വീടൊഴിഞ്ഞ് പോകേണ്ടി വന്നിട്ടൊള്ളു. എന്നാല്‍ ഇത്തവണ നാലു തവണയാണ് കോളനിക്കാര്‍ വെള്ളം കയറിയത് കാരണം ദുരിതാശ്വാസ ക്യാംപില്‍ അഭയം തേടിയത്. വെള്ളം കയറിയിറങ്ങിയ വീടുകളിലേക്ക് ആളുകള്‍ ഇപ്പോഴും മടങ്ങി വന്നിട്ടില്ല.
വെള്ളകെട്ടുകള്‍ ഒഴിഞ്ഞെങ്കിലും വിടുകളിലെ താമസം തുടങ്ങാന്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. കുടിവെള്ളം പ്രധാന പ്രശ്‌നമാണ്. വീടുകള്‍ക്കൊപ്പം കിണറുകളും ചെളിയും മാലിന്യങ്ങളും നിറഞ്ഞ നിലയിലാണ്. ഇതിന് പുറമേ, ഇഴജന്തുക്കളുടെ ശല്യവും. കലിമഴ അവസാനിച്ചെങ്കിലും പഴയ ജീവിതത്തിലേക്ക് തിരിച്ച് നടക്കാനുള്ള പ്രതിബന്ധങ്ങള്‍ പ്രളയബാധിതരെ തളര്‍ത്തുകയാണ്.
കോളനികളില്‍ ചെളി നീക്കം ചെയ്യാനുള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് ആളുകളെത്തുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്.
പകര്‍വ്യാധി പടരാനും സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ആരോഗ്യ വകുപ്പ് അധികൃതര്‍ കോളനികള്‍ കേന്ദ്രീകരിച്ച് ബോധവല്‍കരണം നടത്തണമെന്നും അത്യാവശ്യം വേണ്ട പ്രതിരോധ സംവിധാനങ്ങള്‍ നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വീട് പൂര്‍ണമായും ഇല്ലാതായ കോളനി വാസിയായ തോലന്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്. ഭവന പദ്ധതിയില്‍ പുതിയ വീടിന് അനുമതി ലഭിച്ചതോടെ നേരത്തെയുണ്ടായിരുന്ന വീടിന്റെ ഒരു ഭാഗം പൊളിച്ച് പണി ആരംഭിച്ചതാണ് തോലന്‍.
എന്നാല്‍ മഴ കനത്ത് പ്രളയമുണ്ടായതോടെ വീട് പൂര്‍ണമായും തകര്‍ന്നു. നിലവില്‍ പഴയ വീടിന്റെ തറയുടെ ചെറിയ ഭാഗം മാത്രമാണ് അവശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."