ഓണത്തിനു മുന്‍പ് വൈദ്യുതി ബന്ധം പൂര്‍ണതോതിലാകും: മന്ത്രി
കൊച്ചി: ഓണത്തിനു മുന്‍പ് വൈദ്യുതി ബന്ധം പൂര്‍ണ തോതില്‍ പുനസ്ഥാപിക്കാന്‍ മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദേശം നല്‍കി. കുടിവെള്ള വിതരണവും പൂര്‍ണ്ണ തോതിലാക്കണം. വൈദ്യുതി പുനസ്ഥാപിച്ചാല്‍ ശുചീകരണവും മറ്റും നടത്തുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഓണത്തിനു മുന്‍പ് തകര്‍ന്നു പോയ എല്ലാ വൈദ്യുത ലൈനുകളും പുനസ്ഥാപിച്ച് വൈദ്യുതി വിതരണം പൂര്‍ണ്ണതോതിലാക്കുക എന്ന ലക്ഷ്യത്തോടെ മിഷന്‍ റീകണക്ട് പ്രവര്‍ത്തിച്ചുവരികയാണെന്ന് ആലുവ ഡിവിഷന്‍ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ഡി രാജന്‍ അറിയിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് മിഷന്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ക്യാംപുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും വൈദ്യുതിയെത്തിക്കുന്നതിനായിരുന്നു മുന്‍ഗണന നല്‍കിയത്. വെളളം കയറാത്ത വീടുകളിലാണ് രണ്ടാം ഘട്ടത്തില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. മൂന്നാം ഘട്ടത്തില്‍ വെള്ളം കയറിയ വീടുകളില്‍ വൈദ്യുതി എത്തിക്കുകയാണ്. വെള്ളം കയറിയ വീടുകളില്‍ ലൈന്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഷോക്ക് ഉണ്ടാകുന്ന അവസ്ഥ പരിശോധിക്കുന്നതിനായി എന്‍ജിനീയറിംഗ് കോളജ്, ഐ.ടി.ഐ, പോളിടെക്‌നിക് വിദ്യാര്‍ഥികളടങ്ങുന്ന ടീമിനെ രൂപീകരിച്ചിട്ടുണ്ട്.
80ശതമാനവും വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബാക്കി ഓണത്തിനു മുന്‍പ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ആലുവ ഡിവിഷനു കീഴില്‍ കുടിവെള്ള വിതരണം ഓണത്തിനു മുന്‍പ് പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ആലുവ, ചൊവ്വര പ്ലാന്റില്‍ നിന്നുള്ള വിതരണം 20 മുതല്‍ പുനസ്ഥാപിച്ചു. മലയാറ്റൂര്‍, വേങ്ങൂര്‍ ഈസ്റ്റ്, വെസ്റ്റ്, പുത്തന്‍വേലിക്കര എന്നിവിടങ്ങളിലെ പദ്ധതികള്‍ രണ്ടു ദിവസത്തിനകം പ്രവര്‍ത്തനസജ്ജമാകും. വാഴക്കുളം, കിഴക്കമ്പലം കുന്നത്തുനാട് മേഖലയിലും ഉടന്‍ കുടിവെള്ള വിതരണം പൂര്‍ണ്ണമാകും. ഉദ്യോഗസ്ഥരുടെ കുറവുണ്ടെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."