പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്
തൊടുപുഴ: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ജില്ലയിലുടനീളം ഉണ്ടായ കെടുതികള്‍ക്ക് ശേഷം വീടുകളില്‍ എത്തുന്നവര്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ അറിയിച്ചു.
കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുവാന്‍ ഇടയുള്ളതുകൊണ്ട് മഞ്ഞപിത്തം, ടൈഫോയ്ഡ്, വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങള്‍ക്ക് എതിരെ ജാഗ്രത പാലിക്കണം. രോഗാണുക്കള്‍ കലര്‍ന്ന് മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് രോഗങ്ങള്‍ പകരുന്നത്. വെള്ളപ്പൊക്കത്തിന് ശേഷം അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളും തോടുകളിലോ പുഴകളിലോ എത്തിപെടാനിടയാകരുത്. മാലിന്യ സംസ്‌കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലും നിര്‍ദ്ദേശങ്ങളിലും ശരിയായ രീതിയില്‍ നടത്തേണ്ടവയാണ്. രോഗപ്രതിരോധം ഉറപ്പുവരുത്തുവാന്‍ ശ്രദ്ധിക്കേണ്ടവ:
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. കുറഞ്ഞത് 20 മിനുട്ടെങ്കിലും തിളപ്പിക്കണം.
കുടിവെള്ള സ്രോതസ്സുകള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുക.
വീടുകളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളിലും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തണം.
തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തരുത്.
ആഹാരത്തിനു മുമ്പും മലമൂത്രവിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
ഐസ്‌ക്രീം, സിപ് അപ്, സംഭാരം, ജ്യൂസ് തുടങ്ങിയവ ശുദ്ധജലം ഉപയോഗിച്ച് തയാറാക്കിയതാണെന്ന് ഉറപ്പ് വരുത്തുക.
ഭക്ഷണപദാര്‍ത്ഥങ്ങള്‍ നന്നായി പാചകം ചെയ്യുകയും അടച്ചുസൂക്ഷിക്കുകയും ചെയ്യണം. തണുത്തതും പഴകിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം.
പാത്രങ്ങള്‍ ക്ലോറിനേറ്റ് ചെയ്ത് അണുനശീകരണം നടത്തിയ വെള്ളം ഉപയോഗിച്ച് മാത്രം കഴുകുക.
കേടായ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുത്.
പച്ചക്കറികളും പഴങ്ങളും ശുദ്ധ ജലത്തില്‍ കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.
പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിലോ ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കുക. സ്വയം ചികിത്സ തീര്‍ത്തും ഒഴിവാക്കുക. ഗര്‍ഭിണികള്‍, പ്രായമേറിയവര്‍ തുടങ്ങിയവരിലും പ്രത്യേക ശ്രദ്ധ നല്‍കണമെന്നും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്നുകള്‍ ഏവരും ഉപയോഗിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."