ഇടുക്കി ജില്ലയില്‍ മരിച്ചത് 55 പേര്‍ കാണാതായത് ഏഴു പേരെ; ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത് 20040 പേര്‍
തൊടുപുഴ: ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 20040 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയന്നത്. ദേവികളും താലൂക്കിലെ 8 ക്യാമ്പുകളിലായി 546 പേരും പീരുമേട്ടെ 10 ക്യാമ്പുകളിലായി 1201 പേരും തൊടുപുഴയിലെ മൂന്നുക്യാമ്പുകളിലായി 81 പേരും ഉടമ്പന്‍ചോലയിലെ 8 ക്യാമ്പുകളിലായി 426 പേരും ഇടുക്കിയിലെ 69 ക്യാമ്പുകളിലായി 17786 പേരും കഴിയുന്നു.
ദുരിത ബാധിതര്‍ക്ക് ആശ്വാസം എത്തിക്കാനും വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കാനും റോഡ്, വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും കര്‍മ്മപദ്ധതി തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും വീടുകള്‍ വാസയോഗ്യമല്ലാത്തവരെയും പുനരധിവസിപ്പിക്കുന്നതിനും തകര്‍ന്ന റോഡുകള്‍ നന്നാക്കി സാധാരണ ഗതാഗതം പുനസ്ഥാപിക്കുന്നതിനും അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് വൈദ്യതിവകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. ജില്ലയിലെ മഴക്കെടുതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ തകര്‍ന്ന വീടുകളുടെയും വാസയോഗ്യമല്ലാത്ത വീടുകളുടെയും കണക്കുശേഖരം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങള്‍, പഞ്ചായത്ത് കെട്ടിടങ്ങളില്‍ വീടുനഷ്ടപ്പെട്ടവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കും. പോരാതെ വന്നാല്‍ പഞ്ചായത്തുകള്‍ വാടകയ്ക്ക് കെട്ടിടങ്ങള്‍ ലഭ്യമാക്കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും.1145 കിലോമീറ്റര്‍ റോഡ് തകര്‍ന്നു ജില്ലയില്‍ വിവിധയിടങ്ങളിലായി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 1145 കിലോമീറ്റര്‍ റോഡാണ് തകര്‍ന്നത്. 141 റോഡുകളില്‍ 1496 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും കേടുപാടുകളും ഉണ്ടായി. റോഡുകളിലെ പരമാവധി തടസങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. ഇതിനുള്ള രൂപരേഖ തയ്യാറാക്കി ഉടന്‍ പ്രവൃത്തികള്‍ തുടങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജീവനക്കാരുടെ പോരായ്മപരിഹരിക്കാനുള്ള നടപടിയും സ്വീകരിക്കും.
തകര്‍ന്ന പി.എം.ആര്‍.ജി.വൈ റോഡുകളുടെ വിശദമായ എസ്റ്റിമേറ്റ് 18നകം തയ്യാറാക്കി നടപടി ആരംഭിക്കും. ചെറുതോണി പാലം, മൂന്നാര്‍ ഉദുമല്‍പേട്ട് റോഡിലെ പെരിയവരൈ പാലം എന്നിവ താല്‍ക്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുക്കാനായി സൈന്യത്തിന്റെ സഹായത്തോടെ ബെയ്‌ലി പാലം നിര്‍മിച്ചുനല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പെരിയവരൈയില്‍ ഇതിനകം തന്നെ സൈനിക ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടുണ്ട്.
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
കൃഷിസ്ഥലവും കാര്‍ഷിക വിളകളും നഷ്ടമായതിന്റെ യഥാര്‍ത്ഥ കണക്ക് തയ്യാറാക്കുന്ന നടപടി സെപ്റ്റംബര്‍ 8നകം തീര്‍ത്ത് അര്‍ഹമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കും.
വൈദ്യുതി ബന്ധം പുനസ്ഥാപിക്കും ജില്ലയിലെ പലസ്ഥലങ്ങളിലും വിശ്ചേദിക്കപ്പെട്ട വൈദ്യതി ബന്ധം അടിയന്തിരമായി പുനസ്ഥാപിച്ചുവരികയാണ്. സംസ്ഥാനത്താകെ 25 ലക്ഷം ഉപഭോക്താക്കളുടെ കണക്ഷനാണ് തകരാറിലായിരിക്കുന്നത് ഇത് അടിയന്തിരമായി പുനസ്ഥാപിക്കാന്‍ ജീവനക്കാര്‍ക്ക് പുറമെ വിരമിച്ചവരുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലെ വൈദ്യതി ബോര്‍ഡുകള്‍ സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
5 കിലോ അരി സൗജന്യം
ദുരിതം ബാധിച്ച എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അഞ്ചുകിലോ അരി സൗജന്യമായി നല്‍കും. രജിസ്റ്റേര്‍ഡ് തോട്ടം തൊഴിലാളികള്‍ക്ക് 15 കിലോ അരിയും സൗജന്യമായി നല്‍കും. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക കാര്‍ഡ് നല്‍കും.
ജിയോ ടെക്‌നിക്കല്‍ സ്റ്റഡി നടത്തും
ഭുമിയില്‍ അപകടകരമായ രീതിയില്‍ വിള്ളലുണ്ടായ സ്ഥലങ്ങളില്‍ ജിയോ ടെക്‌നിക്കല്‍ സ്റ്റഡി നടത്താനുള്ള നടപടി സ്വീകരിക്കും.
നഷ്ടങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കണം
ജില്ലയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ സമഗ്രമായ കണക്കും വിവരവും തയ്യാറാക്കിയാലേ ആവശ്യമായ നഷ്ടപരിഹാരം നേടിയെടുക്കാന്‍ കഴിയുവെന്നും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം എന്നും അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു. ജില്ലയുടെ പുനരുദ്ധാരണത്തിന് ഒരു ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കി സമയബന്ധിതമായി നടപ്പാക്കണം എന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ മാരായ പി.ജെ ജോസഫ്, ഇ.എസ് ബിജിമോള്‍, റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഗസ്തി അഴകത്ത്, ജില്ലാകളക്ടര്‍ കെ.ജീവന്‍ബാബു, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, ദേവികുളം സബ്കളക്ടര്‍ വി.ആര്‍.പ്രേംകുമാര്‍,ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."