പേരും വിശേഷങ്ങളും ചോദിച്ച് മുഖ്യമന്ത്രി; അത്ഭുതം മാറാതെ അന്നാമരിയ
ആലപ്പുഴ: ലജ്നത്തുല്‍ മുഹമ്മദിയ സ്കൂളിലെ ക്യാംപില്‍ മുഖ്യമന്ത്രി വന്നതോടെ എങ്ങും തിക്കും തിരക്കും. തിരക്കിനിടയില്‍പ്പെട്ട തന്നെ മുഖ്യമന്ത്രി തിരിച്ചുവിളിച്ചതിന്റെയും പേരും വിശേഷങ്ങളും ചോദിച്ചറിഞ്ഞതിന്റെയും അത്ഭുതത്തിലാണ് ക്യാംപംഗവും യു.കെ.ജി വിദ്യാര്‍ഥിയുമായ അന്നാമരിയ. പുളിങ്കുന്ന് സ്വദേശിയായ അന്നാമരിയയുടെ കുടുംബം ക്യാംപിലാണ്.
വെള്ളം കയറി ജീവിക്കാന്‍ മാര്‍ഗമില്ലാതെ വന്നപ്പോഴാണ് കിട്ടിയതെല്ലാമെടുത്ത് ക്യാമ്പിലേക്ക് പോന്നത്. പന്നുകുന്നം മേരിമാത എല്‍.പി.എസിലെ വിദ്യാര്‍ഥിയായ അന്നയ്ക്കൊപ്പം രക്ഷിതാക്കളായ തോമസ്, ആന്‍സ് മേരി എന്നിവരും ക്യാമ്പിലുണ്ട്. അമ്മുമ്മ അന്നമ്മവര്ക്കിക്കൊപ്പം നിന്നിരുന്ന അന്ന തിക്കില്‍പ്പെട്ട് അകലേക്ക് മാറിയത് ശ്രദ്ധിച്ച മുഖ്യമന്ത്രി ഹാളിലെ അന്തേവാസികളോട് കുശലം പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ ഇവരെ പ്രത്യേക അന്വേഷിക്കുകയായിരുന്നു. അന്നയോട് പേര് അന്വേഷിച്ചതോടെ ക്യാംപിലെ മറ്റ് സ്ത്രീകളും കുട്ടികളും മുഖ്യമന്ത്രിയുടെ ചുറ്റും കൂടി.
പലരും വീട് പൂര്‍ണമായി മുങ്ങിയതും സാധനസാമഗ്രികള്‍ നഷ്ടപ്പെട്ടതുമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ക്യാംപിലെ സ്ഥിതിഗതികള്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് വിശദീകരിച്ചു. കൂടി നിന്ന എല്ലാവരുടെയും പരാതികള്‍ കേട്ട് പരിഹരിക്കാമെന്ന ഉറപ്പും നല്‍കിയാണ് മുഖ്യമന്ത്രി മടങ്ങിയത്. എല്ലാവരും ഒരു കുടുംബമായി കഴിയണമെന്ന് പ്രത്യേകം എടുത്തുപറയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."