ഡല്‍ഹിയില്‍ ആറു സീറ്റുകളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: എ.എ.പിയുമായുള്ള സഖ്യചകര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഡല്‍ഹിയിലെ ഏഴില്‍ ആറു സീറ്റുകളിലേക്ക് കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചാന്ദ്‌നി ചൗക്കിലെ പതിവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കപില്‍ സിബല്‍ ഇത്തവണ മത്സരരംഗത്തില്ല. പകരം അവിടെ ജെ.പി അഗര്‍വാള്‍ മത്സരിക്കും. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ന്യൂഡല്‍ഹിയില്‍ അജയ് മാക്കന്‍, ഈസ്റ്റ് ഡല്‍ഹിയില്‍ അര്‍വേന്ദര്‍ സിങ് ലോവ്‌ലി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ രാജേഷ് ലിലോത്തിയ, വെസ്റ്റ് ഡല്‍ഹിയില്‍ മഹബാല്‍ മിശ്ര എന്നിവരാണ് മത്സരിക്കുക.
സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതിയായതിനാല്‍ പ്രഖ്യാപനം ഉടനുണ്ടാകും. സജ്ജന്‍ കുമാറിന്റെ സഹോദരന്‍ രമേശ് കുമാറിനെയാണ് ഇവിടെയ്ക്ക് പരിഗണിക്കുന്നതെന്നാണറിയുന്നത്. 1984ലെ സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതിയായതിനാല്‍ സജ്ജന്‍കുമാറിനെ പാര്‍ട്ടി പദവികളിലേക്ക് പരിഗണിക്കാറില്ല. എന്നാല്‍, രമേശ് പരിഗണനാ പട്ടികയില്‍ ഉള്ളത് ചൂണ്ടിക്കാട്ടി ഡല്‍ഹിയിലും പഞ്ചാബിലും സിഖ് സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മെയ് 12നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീട്ടിയത്. ചര്‍ച്ച പരാജയപ്പെട്ടതോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ആംആദ്മി പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ഥികളെ ഏറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."