സ്വര്‍ണമുത്ത്: 800 മീറ്റര്‍ ഓട്ടത്തില്‍ ഗോമതി മാരിമുത്തുവിന് സ്വര്‍ണം
ദോഹ: ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ രണ്ടാം ദിവസവും ഇന്ത്യന്‍ മെഡല്‍ വേട്ട. വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ താരം ഗോമതി മാരിമുത്തു സ്വര്‍ണം സ്വന്തമാക്കി. 2.02.70 മിനുട്ട് കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയാണ് ഗോമതി സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ മീറ്റിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി. 2.02.96 മിനുട്ട് കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കി ചൈനയുടെ വാങ് ചുയു വെള്ളിയും കസാഖിസ്ഥാന്റെ മുഖ്‌ഷേവ വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കല മെഡല്‍ നേട്ടത്തോടെയായിരുന്നു രണ്ടാം ദിവസം ഇന്ത്യ തുടങ്ങിയത്. 57.22 സെക്കന്‍ഡ് സമയം കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കി സരിതാബെന്‍ ഗെയ്ക്ക്‌വാര്‍ഡാണ് രണ്ടാം ദിവസത്തെ ഇന്ത്യയുടെ ആദ്യ മെഡല്‍ സ്വന്തമാക്കിയത്.
പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും ഇന്ത്യ മെഡല്‍ സ്വന്തമാക്കി. 49.13 സെക്കന്‍ഡ് സമയം കൊണ്ട് റേസ് പൂര്‍ത്തിയാക്കി എം.പി ജാബിറാണ് രണ്ടാം ദിനത്തില്‍ രണ്ടാം മെഡല്‍ നേടിയത്. മെഡല്‍ നേടിയതോടെ ജാബിര്‍ ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടി. യോഗ്യതാ സമയമായ 49.30 സെക്കന്‍ഡ് മറികടന്നതിനെ തുടര്‍ന്നാണ് ജാബിര്‍ ലോകചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ഈ ഇനത്തില്‍ സഊദിയുടെ അബ്ദുറഹ്മാന്‍ സാംബ 47.5 സെക്കന്‍സ് സമയം കൊണ്ട് സ്വര്‍ണം സ്വന്തമാക്കി. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന പുരുഷന്‍മാരുടെ 400 മീറ്ററില്‍ ഇന്ത്യക്ക് മെഡലൊന്നും നേടാനായില്ല. ഈ ഇനത്തില്‍ കുവൈത്തിന്റെ യൂസഫ് കറമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇന്ത്യയുടെ ആരോഗ്യ രാജീവ് 45.37 സെക്കന്‍ഡ് കൊണ്ട് നാലാം സ്ഥാനത്തും 46.10 സെക്കന്‍ഡ് കൊണ്ട് മുഹമ്മദ് അനസ് എട്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം ശിവ് പാല്‍ സിങ് വെള്ളി സ്വന്തമാക്കി. 86.23 ദൂരം കണ്ടെത്തിയാണ് ശിവ്പാല്‍ വെള്ളി നേടിയത്. ഈ ഇനത്തില്‍ ചൈനീസ് തായ്‌പെയിയുടെ ചെങ് ചാവോ 86.72 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണവും ജപ്പാന്റെ അയോഹി 81.93 മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന പുരുഷന്‍മാരുടെ 800 മീറ്ററിലും ഇന്ത്യക്ക് മെഡല്‍ നഷ്ടമായി. മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് ഓട്ടം പൂര്‍ത്തിയാക്കാനായില്ല. മുഹമ്മദ് അഫ്‌സലിന് ഏഴാം സ്ഥാനത്തെത്താന്‍ മാത്രമേ കഴിഞ്ഞുള്ളു. ഈ ഇനത്തില്‍ ഖത്തറിന്റെ ഹൈദര്‍ അബ്ദുല്ലയാണ് സ്വര്‍ണം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."