അരിവാള്‍ രോഗികള്‍ക്കുള്ള ഭൂമി ഏറ്റെടുത്തതില്‍ വന്‍ ക്രമക്കേട്
സമഗ്രാന്വേഷണം വേണമെന്ന് ആവശ്യം
പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന്
പനമരം: ജില്ലയിലെ ആദിവാസി വിഭാഗത്തിലെ അരിവാള്‍ രോഗികള്‍ക്ക് വീടുവച്ചു നല്‍കാന്‍ ഭൂമി ഏറ്റെടുത്തതില്‍ അഴിമതി നടന്നതായി ആദിവാസി ഐക്യവേദി ജില്ലാ പ്രസിഡന്റും ഭൂമിയെടുപ്പ് ജില്ലാമോണിറ്ററിങ് കമ്മിറ്റി അംഗവുമായ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 13.5 കോടി രൂപയുടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് പ്രകാരമുള്ള പദ്ധതിയിലാണ് അഴിമതി നടന്നത്. നിലവില്‍ ഏറ്റെടുത്ത ഭൂമികളില്‍ പലതും വാസയോഗ്യമല്ലെന്നും ഇരട്ടി വില നല്‍കിയാണ് ഭൂമി വാങ്ങിയതെന്നും വാസയോഗ്യവും വെള്ളം, വെളിച്ചം, റോഡ് സൗകര്യം തുടങ്ങിയവയുള്ള സ്ഥലം ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
മാനന്തവാടി താലൂക്കില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ എട്ടേക്കര്‍ സ്ഥമാണ് പദ്ധതിക്കായി കണ്ടെത്തിയിരുന്നത്. എന്നാല്‍ പരിശോധനയില്‍ ഇതില്‍ രണ്ടേക്കോളം ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഈ ഭൂമി രജിസ്റ്റര്‍ ചെയ്ത് വാങ്ങുന്നതിനെതിരേ മാനന്തവാടി ആര്‍.ഡി.ഒക്ക് പരാതിയും നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഈമാസം ഒന്നിന് രാവിലെ ആര്‍.ഡി.ഒ ഓഫിസില്‍ നടന്ന ഹിയറിങ്ങില്‍ പങ്കെടുത്ത തന്നെ അന്വേഷണ ഉദ്യോഗസ്ഥരിലെ ചിലരും ഭൂവുടമയും ഭീഷണിപ്പെടുത്തിയെന്നും ബാലന്‍ പറഞ്ഞു. കൂടാതെ തൊട്ടടുത്ത ദിവസം ഞാനില്ലാത്ത സമയത്ത് വീട്ടിലെത്തി കുടുംബത്തെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
മാനന്തവാടി വില്ലേജില്‍ വാങ്ങിയ മറ്റൊരു ഭൂമിയും റോഡില്‍ നിന്ന് നാലര കിലോമീറ്റര്‍ ഉള്ളിലോട്ടാണ്. ഇതിലേക്കുളള വഴിയും ദുര്‍ഘടമാണ്. വെള്ളം, വെളിച്ചം ഇവിടെയും ലഭ്യമല്ല. ഇതിനെതിരെ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒ യിലെ ചില ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സ്ഥലം യോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെയും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എനിക്ക് മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നത്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി, മനുഷ്യവകാശ കമ്മിഷന്‍, ജില്ലയിലെ എം.എല്‍.എമാര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."