വീടും സ്ഥലവും നഷ്ടപ്പെട്ടു കോളനിക്കാരുടെ പുനരധിവാസം പ്രതിസന്ധിയില്‍
നിലമ്പൂര്‍: ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വീടും സ്ഥലവും നഷ്ടപ്പെട്ട മതില്‍മൂല, ചെട്ടിയാംപാറ കോളനിക്കാരുടെ പുനരധിവാസം പ്രതിസന്ധിയില്‍. എരഞ്ഞിമങ്ങാട് ജെ.എസ്.എസ്. പരിശീലന കേന്ദ്രത്തിലെ ദുരിതാശ്വാസ ക്യാംപില്‍ അവശേഷിക്കുന്നത് ഈ രണ്ടു കോളനികളിലെ കുടുംബങ്ങളാണ്.
ബാക്കിയുള്ള കോളനിവാസികള്‍ ഇന്ന് ക്യാംപില്‍ നിന്നും അവരവരുടെ വീടുകളിലേക്ക് മടങ്ങും. മതില്‍മൂല, ചെട്ടിയംപാറ, പ്ലാക്കല്‍ ചോല,വേങ്ങാട്് എന്നീ കോളനികളിലെ 286 പേരാണ് എരഞ്ഞിമങ്ങാട് ക്യാംപില്‍ ഉള്ളത്. ഇതില്‍ വേങ്ങാട് കോളനിയിലെ അഞ്ചു കുടുംബങ്ങളിലായി 14 പേരും, പ്ലാക്കല്‍ ചോല കോളനിയിലെ 24 കുടുംബങ്ങളിലായി 61 പേരും ഉള്‍പ്പെടെ 75 പേര് ഇന്ന് കോളനികളിലേക്ക് മടങ്ങും. അതേസമയം വെള്ളരിമലയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴയും കുറുവന്‍പുഴയും ഗതിമാറി ഒഴുകി വീടും പുരയിടവും നശിച്ച മതില്‍മൂല കോളനിവാസികളും, ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ച ചെട്ടിയാംപാറ കോളനിയിലെ എട്ടു കുടുംബങ്ങളുടെയും പുനരധിവാസമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ഇവരുടെ പുനരധിവാസത്തിന് ഇനിയും കാലതാമസമെടുക്കും. കാലവര്‍ഷം വന്നാല്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ നിലനില്‍ക്കുന്ന ചെട്ടിയാപാറ കോളനിയിലേക്ക് തങ്ങള്‍ ഒരിക്കലുമില്ലെന്ന നിലപാടിലാണ് കോളനി നിവാസികള്‍. അതുവരെ എരഞ്ഞിമങ്ങാട് ക്യാംപില്‍ തന്നെ ഇവര്‍ കഴിയേണ്ടിവരും. മതില് മൂല കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഭൂരിഭാഗം വീടുകളും തകര്‍ന്നു വീണിട്ടുണ്ട്. ഉള്ളവ തന്നെ വാസ യോഗ്യവുമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."