പ്രളയം: ദുരിതം തീരാതെ കര്‍ഷകരും തൊഴിലാളികളും
കാളികാവ്: മഴ ഒഴിഞ്ഞതോടെ ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ കുടിലുകളിലേക്ക് മടങ്ങിയെങ്കിലും ദുരിതം തീരാതെ മലയോരവാസികള്‍. വീടുകളെക്കാള്‍ മലയോര മേഖലയില്‍ കാര്‍ഷിക മേഖലയിലാണ് നാശ നഷ്ടം സംഭവിച്ചിട്ടുള്ളത്. മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കില്‍ കൃഷിഭൂമി വന്‍തോതില്‍ നശിച്ചിട്ടുണ്ട്. പുനര്‍ കൃഷി പോലും സാധ്യമാകാത്ത രീതിയിലാണ് കൃഷിയിടങ്ങളുള്ളത്. ചെറുകിട തോട്ടം ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും എല്ലാം നഷ്ടമായിരിക്കുകയാണ്. 100 ലധികം കുടുംബങ്ങളാണ് തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തില്‍ കഴിയുന്നത്.
നിലമ്പൂര്‍ താലൂക്കില്‍ 12 ഇടങ്ങളില്‍ ഉരുള്‍പ്പൊട്ടി. റബര്‍ തോട്ടം മേഖലയിലാണ് കനത്ത നഷ്ടമുണ്ടായിട്ടുള്ളത്. നിരവധി ഏക്കര്‍ സ്ഥലങ്ങളാണ് മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കില്‍ ഇല്ലാതായത്. റബര്‍ തോട്ടങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് 20 ദിവസത്തിലേറെയായി തൊഴില്‍ നഷ്ടപ്പെട്ടിട്ട്. ദുരിത ബാധിത മേഖലയില്‍ ലഭിച്ച സഹായങ്ങള്‍ മാത്രമാണ് തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസമായിട്ടുള്ളത്. വസ്ത്രം ഉള്‍പടെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളി കുടുംബങ്ങള്‍.
വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ട പരിഹാര തുകയെ കുറിച്ച് സര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ നഷ്ടം കണക്കാക്കുന്നതിനെ കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ ധന സഹായം ലഭിച്ചാല്‍ പോലും കൃഷിയിടങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ടാപ്പിങ് മേഖലയെയാണ് പ്രളയക്കെടുതി കൂടുതലായി ബാധിച്ചിട്ടുള്ളത്.
മലയോര മേഖലയിലെ ചെറുകിട തോട്ടം ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും പുറമെ മരമുറി, ചുമട്ട് തൊഴിളികളേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലില്‍ വന്‍തോതില്‍ റബര്‍ മരങ്ങള്‍ നശിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ പല തോട്ടങ്ങളും ചളിയില്‍ മൂടിക്കിടക്കുകയാണ്. മലവാരങ്ങളിലെ കൃഷിയിടങ്ങളില്‍ കാട്ടുചോലകളും വ്യാപകമായി രൂപപ്പെട്ടിട്ടുണ്ട്.
മലയോരത്ത് അവശേഷിക്കുന്നത് രണ്ട് ക്യാംപുകള്‍
കാളികാവ്: ജില്ലയില്‍ പ്രളയക്കെടുതി കൊണ്ട് കൂടുതല്‍ പ്രയാസത്തിലായ മലയോര മേഖല പൂര്‍വ സ്ഥിതിയിലേക്ക് കരകയറിത്തുടങ്ങി. മുപ്പതോളം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്ന മലയോര മേഖലയില്‍ രണ്ട് ക്യാംപുകള്‍ മാത്രമാണ് നിലനില്‍ക്കുന്നത്.
വീടുകള്‍ നഷ്ടപ്പെട്ട 169 കുടുംബങ്ങളാണ് ക്യാംപുകളില്‍ കഴിയുന്നത്. ആദിവാസികള്‍ ഉള്‍പടെ ഭവന നാശം സംഭവിച്ചവരുള്ളതിനാല്‍ ക്യാംപിന്റെ പ്രവര്‍ത്തനം പെട്ടന്ന് നിര്‍ത്താന്‍ കഴിയുകയില്ല. ഉരുള്‍പൊട്ടലുണ്ടായി ആറു പേര്‍ മരണപ്പെട്ട ആഡ്യന്‍പാറ, നമ്പൂരിപ്പൊട്ടി മേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ച എരഞ്ഞിമങ്ങാട് യത്തീംഖാനയിലും കരുവരകുണ്ട് പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള നളന്ത കോളേജിലും പ്രവര്‍ത്തിക്കുന്ന ക്യാംപുകളാണ് ഉള്ളത്. രണ്ട് ക്യാംപുകളിലായി 563 പേരാണുള്ളത്. കൂടുതല്‍ സ്ത്രീകളാണുള്ളത്. 222 സ്ത്രീകള്‍, 181 പുരഷന്‍മാര്‍, 160 കുട്ടികളുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."