ജൈസലിന്റെ കുടിലിലേക്ക് അഭിനന്ദനപ്രവാഹം
പരപ്പനങ്ങാടി: പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് തോണിയില്‍ കയറാന്‍ സ്വന്തം മുതുക് ചവിട്ടുപടിയാക്കി കൊടുത്ത മത്സ്യത്തൊഴിലാളിയായ കെ.പി ജൈസലിനെ തേടി അഭിനന്ദനപ്രവാഹം തുടരുന്നു. മന്ത്രി ഡോ. കെ.ടി ജലീലും മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനിയും ജൈസലിന്റെ പരപ്പനങ്ങാടി ആവിയില്‍ബീച്ചിലെ കുടിലിലെത്തി.
വേങ്ങരയിലെ പ്രളയത്തില്‍ അകപ്പെട്ട കുടുംബങ്ങളെ രക്ഷിച്ചു തോണിയില്‍ കയറ്റാന്‍ വെള്ളത്തില്‍ കിടന്ന് ശരീരം ചവിട്ടുപടിയാക്കി കൊടുത്ത ജൈസലിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് മന്ത്രിയും സമദാനിയും ജൈസലിനെ തേടിയെത്തിയത്. വൈകിട്ട് ഏഴോടെ എത്തിയ കെ.ടി ജലീല്‍ ജൈസലിനെ ഷാളണിയിച്ച് അനുമോദിച്ചു. മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍, സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.പി സോമസുന്ദരന്‍, മത്സ്യത്തൊഴിലാളി യൂനിയന്‍ ജില്ലാ ട്രഷറര്‍ കെ.പി.എം കോയ, ഏരിയ കമ്മിറ്റി അംഗം ടി. കാര്‍ത്തികേയന്‍, ലോക്കല്‍ സെക്രട്ടറി ജയചന്ദ്രന്‍ എന്നിവരും കൂടെ ഉണ്ടായിരുന്നു.
താമസസ്ഥലമായ ആവിയില്‍ബീച്ചിലെ ഷീറ്റ്‌കൊണ്ട് മേഞ്ഞ കുടിലിലേക്ക് കയറിയ സമദാനി ജൈസലിനെ അനുമോദിച്ചു. ജൈസലിന്റെ കുട്ടികള്‍ക്ക് വസ്ത്രങ്ങളും നല്‍കി. എല്ലാ സൗകര്യങ്ങളും പരിശീലനവും നേടിയ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് കടന്നുചെല്ലാന്‍ പോലും പ്രയാസമുള്ള സ്ഥലങ്ങളിലെത്തി രക്ഷാദൗത്യം ഏറ്റെടുത്ത മത്സ്യതൊഴിലാളികളുടെ പ്രതിനിധിയായ ജൈസല്‍ രാജ്യത്തിന്റെ തന്നെ അഭിമാനമാണെന്ന് സമദാനി പറഞ്ഞു. താനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളും പരപ്പനങ്ങാടി നഗരസഭാ മുസ്‌ലിംലീഗ്, യൂത്ത് ലീഗ് നേതാക്കളും സമദാനിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."