26 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; ജനവിധിക്ക് മഷിപുരട്ടാന്‍ ജില്ല സുസജ്ജം
കോഴിക്കോട്: സമ്പൂര്‍ണ ജനാധിപത്യപ്രക്രിയയുടെ ദിവസങ്ങള്‍ നീണ്ട കേളികൊട്ടുകള്‍ക്കൊടുവില്‍ ജനം ഇന്ന് വിധിയെഴുതും. പോളിങ് സ്റ്റേഷനുകളും വോട്ടിങ് യന്ത്രവും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ ക്രമീകരങ്ങളും ഉള്‍പ്പെടെ ജനങ്ങളുടെ സമ്മതിദാനാവകാശം സുഗമമായി വിനിയോഗിക്കാനുള്ള മുഴുവന്‍ നടപടികളും സജ്ജമായിക്കഴിഞ്ഞു. കഴിഞ്ഞ ഒരു മാസത്തോളമായി നാടിനെ ഇളക്കിമറിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ജനം തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്താനായി ബൂത്തിലേക്ക് പോകുന്നത്. സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് ജില്ലയില്‍ നടത്തിയിട്ടുള്ളത്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പൊലിസിന്റെയും കേന്ദ്ര സേനയുടേയും നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്.
ജില്ലയില്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിരുന്നു. രാവിലെ എട്ട് മുതല്‍ അതത് നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലാണ് വിതരണം നടന്നത്. സൗത്ത് മണ്ഡലത്തിലെ പോളിങ് സാമഗ്രികള്‍ ക്രിസ്ത്യന്‍ കോളജില്‍ വെച്ചും നോര്‍ത്ത് മണ്ഡലത്തിലെ പോളിങ് സാമഗ്രികള്‍ ജെ.ഡി.ടിയില്‍ വെച്ചുമാണ് വിതരണം ചെയ്തത്. സൗത്ത് മണ്ഡലത്തിലെ 138 ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളാണ് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ വെച്ച് വിതരണം ചെയ്തത്. 12 കൗണ്ടറുകളായി തിരിച്ചായിരുന്നു വിതരണം. സാമഗ്രികള്‍ വാങ്ങാനായി രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം ഓരോരുത്തര്‍ക്കും അനുവദിച്ച ബൂത്തുകളുടെ നമ്പര്‍ വിളിച്ച് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു.
കണ്‍ട്രോള്‍ യൂനിറ്റ്, ബാലറ്റ് യൂനിറ്റ്, വി.വി പാറ്റ് എന്നിവയും അനുബന്ധ മെറ്റീരിയലുകള്‍, ഫോമുകള്‍, ടാഗ് ചെയ്യുന്നതിനാവശ്യമായ സീലുകള്‍ തുടങ്ങി ബൂത്തിലേക്ക് ആവശ്യമായ മൊട്ടുസൂചി, വോട്ടു ചെയ്യുന്നവരുടെ കൈയില്‍ പുരട്ടാനുള്ള മഷി, പേന, പെന്‍സില്‍, റബ്ബര്‍, 32 ഇനം കവറുകള്‍, കവറുകള്‍ ഒട്ടിക്കുന്ന മെഴുകുതിരി, തീപ്പെട്ടി, നൂല്‍ തുടങ്ങി നൂറോളം സാധനങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്.
പോളിങ് സാമഗ്രികള്‍ അതതു ബൂത്തിലേക്ക് കൊണ്ടുപോവാനായി 12 ബസുകളും 12 ജീപ്പുകളും ഒരുക്കിയിരുന്നു. രണ്ട് ട്രിപ്പുകളിലായി ഉദ്യോഗസ്ഥരെ കൂടാതെ പൊലിസും ഇവരോടൊപ്പം ബൂത്തുകളിലേക്ക് സാമഗ്രികള്‍ എത്തിക്കാന്‍ ഉണ്ടായിരുന്നു. പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ നാല് ഉദ്യോഗസ്ഥരാണ് ഒരു പോളിങ് ബൂത്തില്‍ ഉണ്ടാവുക. ഇവര്‍ക്കൊപ്പം പൊലിസും ബൂത്തുകളില്‍ ഉണ്ടായിരിക്കും. ജില്ലയിലെ എല്ലാ ബൂത്തുകളും ഭിന്നശേഷി സൗഹൃദമാണ്. 33,314 ഭിന്നശേഷിക്കാര്‍ക്കായി വാഹനം ഉള്‍പ്പെടെയുള്ള വിപുലമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇവര്‍ക്കായി വീല്‍ചെയറുകളും റാമ്പുകളും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."