നീലഗിരിയില്‍ ആശ്വാസമായി വേനല്‍മഴ
ഊട്ടി: കടുത്ത വേനലില്‍ വരള്‍ച്ച രൂക്ഷമായ നീലഗിരിയില്‍ ആശ്വാസമായി വേനല്‍മഴ.
കഴിഞ്ഞ നാലുദിവസങ്ങളായി തുടര്‍ച്ചയായി ജില്ലയില്‍ വേനല്‍ മഴ ലഭിച്ചത് ദീര്‍ഘവിള കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ ആശ്വാസമായിരിക്കുകയാണ്. എന്നാല്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഊട്ടിയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ 28 മി.മീറ്റര്‍ മുതല്‍ 38 മി.മീറ്റര്‍ വരെ മഴ ലഭിച്ചു. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയില്‍ ഊട്ടിയിലെ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബോട്ട് ഹൗസിലേക്ക് പോകുന്ന റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
സുരക്ഷ കണക്കിലെടുത്ത് ബോട്ട് ഹൗസില്‍ ബോട്ട് സവാരി രണ്ട് മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തി വെച്ചു. കാന്തല്‍, ചാരിങ് ക്രോസ് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മഴവെള്ളം കയറി. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ രാത്രികാലങ്ങളില്‍ രണ്ടുദിവസമായി കനത്ത മഴയാണ് ലഭിച്ചത്.
തേയില കര്‍ഷകര്‍ക്ക് മഴ ആശ്വാസമായെങ്കിലും പാവല്‍ ഉള്‍പ്പെടെയുള്ളവ കൃഷി ചെയ്തവര്‍ക്ക് കനത്ത മഴ തിരിച്ചടിയാകുന്നുമുണ്ട്. എന്നാല്‍ വേനല്‍ ശക്തമായതോടെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് നേരിയ പരിഹാരമായിട്ടുണ്ട്. തമിഴ്നാട്ടില്‍ അടുത്ത നാലു ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."